പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതു വശത്തെ കള്ളൻ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. തരങ്ങളായ ബിജു മേനോനും ജോജു ജോർജും അണിനിരക്കുന്ന പോസ്റ്റർ ഇരുവരും ഒന്നിച്ചുള്ള ആദ്യ പോസ്റ്ററാണ്. മുൻപ് താരങ്ങളുടെ ജന്മദിനത്തിന് ആശംസകളായി അവരവരുടേതായ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.
പൂർണ്ണമായും ഒരു ഇമോഷണൽ ഡ്രാമയായി ഒരുക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്നായിരിക്കും. തനതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ ശക്തമായ സ്വാധീനമുണ്ടാക്കിയ ഈ നടന്മാർക്ക് അഭിനയത്തിൻ്റെ മാറ്റുരക്കാൻ ലഭിക്കുന്ന അപൂർവ്വ അവസരം കൂടിയാണ് ഈ ചിത്രം.
ഓഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു., ലിയോണാ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കൂദാശ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ള ഡിനു തോമസ് ഈലാനാണ് ‘വലതു വശത്തെ കള്ളൻ’ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശ്യാം സംഗീതവും, സതീഷ് കുറുപ്പ് ഛായാഗ്രഹണവും, വിനായക് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത് ആണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.
















