വടകര: പയസ്വിനിയുടെ അക്ഷരനിർഝരി പ്രതിമാസ പരിപാടിയിൽ, പി.കെ. ബാലകൃഷ്ണന്റെ പ്രശസ്ത നോവൽ ‘ഇനി ഞാൻ ഉറങ്ങട്ടെ’ ചർച്ചയായി. സാഹിത്യ–സാംസ്കാരിക പ്രവർത്തകൻ കെ.എം. ബാലകൃഷ്ണൻ കൃതിയുടെ സവിശേഷതകളെ ആഴത്തിൽ വിശകലനം ചെയ്തു.
നൂറ്റാണ്ടുകളായി അവഗണനയും അപമാനംയും സഹിക്കാൻ വിധിക്കപ്പെട്ട യോദ്ധാവായ കർണന്റെ ജീവിതമാണ് ഈ നോവലിൻ്റെ മുഖ്യധാര, എന്ന് ബാലകൃഷ്ണൻ പറഞ്ഞു. കുലത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം മനുഷ്യജീവിതത്തെ എത്രത്തോളം മൂടിക്കെട്ടുന്നുവെന്നതിനുള്ള ശക്തമായ സാക്ഷ്യമാണ് ഈ നോവൽ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ദ്രൗപദിയുടെ ധർമ്മരോഷം, വേദന, നിരാശ, വിഫലതാബോധം എന്നിവ ശക്തമായി ആവിഷ്‌കരിക്കുന്ന ഈ കൃതി ഒരു സ്ത്രീപക്ഷ വായനയായി എടുക്കാവുന്നുവെന്നും ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കളിക്കളം ഹാളിൽ നടന്ന പരിപാടിക്ക് കെ. വിജയൻ പണിക്കർ അധ്യക്ഷനായി. ഡോ. എം. മുരളീധരൻ, തയ്യുള്ളതിൽ രാജൻ, കണ്ണോത്ത് കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വി.ടി. സദാനന്ദൻ സ്വാഗതം നിർവ്വഹിച്ചു. എൻ. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
















