സംഭവം കേരളത്തിലെ ഒരു എക്‌സൈസ് റേഞ്ചിലാണ് നടക്കുന്നത്. അവിടുത്തെ ജീപ്പ് എന്തിനും സജ്ജമാണ്. കാലപ്പഴക്കം കൊണ്ട് ഓടാനിത്തിരി പ്രശ്‌നമുണ്ടെങ്കിലും ഫുള്‍ടാങ്ക് ഡീസല്‍ എപ്പോഴുമുണ്ടാകും. പെട്രോളിംഗിനായാലും, ഉദ്യോഗസ്ഥര്‍ക്ക് മീറ്റിംഗിനു പോകാനായാലും, സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ബോധവത്ക്കരണം ക്ലാസ്സുകള്‍, സെമിനാറുകള്‍ എന്നിവയ്ക്കു പോകാനായാലും ജീപ്പ് റെഡിയാണ്. ഇതിനെല്ലാം ആ റേഞ്ചിലെ ജീവനക്കാര്‍ നന്ദി പറയുന്നത്, ഒരു കള്ളുഷാപ്പ് കോണ്‍ട്രാക്ടറോടാണ്. അദ്ദേഹമാണ് ഈ എക്‌സൈസ് റേഞ്ചിന്റെ ഐശ്വര്യം. കാരണം, അദ്ദേഹത്തിന് കള്ളുഷാപ്പ് മാത്രമല്ല സ്വന്തമായി പെട്രോള്‍ പമ്പുമുണ്ട്. മറ്റെവിടെ നിന്നും ഡീസല്‍ കിട്ടിയില്ലെങ്കിലും കോണ്‍ട്രാക്ടറുടെ പമ്പില്‍ നിന്നും ഫുള്‍ടാങ്കടിക്കും.
എക്‌സൈസും കള്ളുഷാപ്പും തമ്മിലുള്ള ബന്ധം പ്രത്യേകിച്ചു പറയേണ്ടതില്ല. കള്ളു ഷാപ്പ് ലൈസന്‍സ്, സാമ്പിള്‍ ടെസ്റ്റ് തുടങ്ങിയ നിയമപരമായ നടപടികള്‍ തൊട്ട് ഗുളിക കലക്ക്, ചാരായം കള്ളില്‍ ലയിപ്പിക്കല്‍, അന്യ സംസ്ഥാന കള്ള് കച്ചവടം അടക്കം നിയമവിരുദ്ധ ഇടപാടുകള്‍ പിടിക്കല്‍ വരെ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയില്‍ വരുന്നതാണ്. ഒരു കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍ എന്നാല്‍, ആ കള്ളുഷാപ്പ് ഇരിക്കുന്ന എക്‌സൈസ് റേഞ്ചിന്റെ അടിമ എന്നുതന്നെ പറയാം. നിയമപരമായും അല്ലാതെയുമെല്ലാം കള്ളുഷാപ്പിനെയും കോണ്‍ട്രാക്ടറെയും മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്നമെന്നതാണ് ഇതിന്റെ രഹസ്യം. അതുകൊണ്ടു തന്നെ പരസ്പര ധാരണയോടെയും സഹവര്‍ത്തിത്വത്തോടെയും അല്ലാതെ ഇരുകൂട്ടര്‍ക്കും മുന്നോട്ടു പോകാനാവില്ല.
ഡീസല്‍ അടിച്ചാല്‍ സമയത്തിനും കാലത്തിനും സര്‍ക്കാരില്‍ നിന്നും ബില്ലുമാറിക്കിട്ടാതെ വന്നതോടെ പെട്രോള്‍ പമ്പുകാര്‍ക്ക് റേഞ്ചിലെ എക്‌സൈസ് വാഹനത്തോട് ഒരു മമതയും ഇല്ലാതായി. അടിച്ച ഡീസലിന് പണം കിട്ടില്ല എന്നു മനസ്സിലാക്കി, ജീപ്പു കാണുമ്പോഴേ പെട്രോള്‍ പമ്പുകാര്‍ മുഖം തിരിച്ചു നിന്നുകളയും. ഇതോടെ ധര്‍മ്മസങ്കടത്തിലായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളുഷാപ്പ് കോണ്‍ട്രാക്ടറുടെ പെട്രോള്‍ പമ്പില്‍ അഭയം തേടി. കോണ്‍ട്രാക്ടറാണെങ്കില്‍ എക്‌സൈസുകാരെ എങ്ങനെ സഹായിക്കണമെന്ന് ആലോചിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് ഈ അഭ്യര്‍ത്ഥന കുളിര്‍ മഴപോലെ വന്നുവീണത്. അതോടെ എക്‌സൈസ് ജീപ്പിന് ഷാപ്പ് കോണ്‍ട്രാക്ടറുടെ പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ കിട്ടിത്തുടങ്ങി.
ബില്ലുകള്‍ എപ്പോ മാറിയാലും സാരമില്ല പൈസ കിട്ടുമല്ലോ, അതുമതിയെന്നാണ് കോണ്‍ട്രാക്ടറുടെ നിലപാട്. കള്ളുഷാപ്പ് എന്നുവരെ നടത്തുന്നോ അന്നു വരെയും കോണ്‍ട്രാക്ടറുടെ നിലപാട് മാറില്ലെന്ന് റേഞ്ചിലെ ജീവനക്കാര്‍ക്കും അറിയാവുന്നതു കൊണ്ട് പെട്രോളിംഗും സ്‌പെഷ്യല്‍ ഡ്രൈവും ഇലക്ഷന്‍ ഡ്യൂട്ടിയും ക്ലാസ്സും, സെമിനാറുമൊക്കെ ജീപ്പില്‍ത്തന്നെ നടന്നു പോകുന്നുണ്ട്. ഡീസല്‍ തീരുമ്പോള്‍ ഷാപ്പ്‌കോണ്‍ട്രാക്ടറുടെ പമ്പില്‍ കയറ്റി ഫുള്‍ടാങ്ക് അടിക്കും. ബില്ലുവാങ്ങി വകുപ്പിനയയ്ക്കും. പക്ഷെ, മാറിക്കിട്ടില്ല. പഴയ ബില്ലുകള്‍ മാറിക്കൊണ്ടിരിക്കുയാണെന്നാണ് ഇപ്പോഴും പറയുന്നത്. അങ്ങനെ മധ്യ കേരളത്തിലെ ആ എക്‌സൈസ് റേഞ്ചിന്റെ ഐശ്വര്യമായി ഷാപ്പ് കോണ്‍ട്രാക്ടര്‍ മാറിയതുകൊണ്ട് എക്‌സൈസ് ജീപ്പിന് ഇപ്പോഴും ജീവനുണ്ട്. അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് ഗമയുമുണ്ട്.
ഒരു ദിവസം രണ്ടു പെട്രോളിംഗ് നടത്തും. ഏകദേശം 90 കിലോമീറ്ററോളം നീളുന്ന രണ്ടു പെട്രോളിംഗ്. ഇതിനു പുറമേയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ്. കൂടാതെ, സ്‌കൂളുകളില്‍ ക്ലാസ്സ്, സ്ഥാപനങ്ങളില്‍ സെമിനാറുകള്‍, പെട്ടെന്നു വരുന്ന കേസുകളില്‍ തെളിവെടുപ്പ്, റെയ്ഡ് എല്ലാമുണ്ടാകും. ഒരു ദിവസം കുറഞ്ഞത്, 105 കിലോമീറ്ററിനു താഴെ ജീപ്പ് ഓടുമെന്നു ചുരുക്കം. ഫുള്‍ടാങ്ക് ഡീസല്‍ അടിക്കാന്‍ 5000 രൂപ വേണമെങ്കില്‍ ഒരുമാസം, കുറഞ്ഞത് 75,000 മുതല്‍ 1,00000 രൂപ വരെ ആകും (ഫുള്‍ടാങ്ക് ഡീസല്‍ രണ്ടു ദിവസം ഉപയോഗിച്ചാല്‍). ഇതാണ് എക്‌സൈസ് റേഞ്ചുകളിലെ പൊൊതുവേയുള്ള അവസ്ഥ. എക്‌സൈസ് വകുപ്പിന്റെ അഭിമാനത്തെയും അവരുടെ ജോലിയെയും ചോദ്യം ചെയ്യുന്നുവെന്നോ കളിയാക്കുന്നതാണെന്നോ ആരും തെറ്റിദ്ധരിക്കരുത്. പക്ഷെ, ഇതു പറയാതെവയ്യ.
കേരളത്തിലെ ഒട്ടുമിക്ക റേഞ്ചുകളിലും നടക്കുന്ന സംഭവമാണിത്. കാണുന്ന പെട്രോള്‍ പമ്പില്‍ കേറി ഡിസലിടിച്ചിട്ട് വണ്ടിയുമെടുത്ത് പോകാനാകില്ലല്ലോ. ഡീസലിന്റെ പണം കൊടുക്കണ്ടേ. അടിച്ച ഡീസലിന്റെ മാത്രമല്ല, മാസങ്ങളായി അടിക്കുന്ന ഡീസലിന്റെ ബില്ലുകള്‍ ഇനിയും മാറിക്കിട്ടാത്ത ഗതികെട്ട സ്ഥിതിയിലാണ് ഓരോ എക്‌സൈസ് റേഞ്ചുകളും(കൃത്യമായി ബില്ലുകള്‍ മാറിക്കിട്ടുന്ന റേഞ്ചുകളും, ഡീസലടിക്കാന്‍ ആവതുള്ള ഉദ്യോഗസ്ഥരുമുള്ള റേഞ്ചുകളും ഇതില്‍ വ്യത്യസ്തരും ഭാഗ്യവാന്‍മാരുമാണ്). പക്ഷെ, കിട്ടുന്ന ശമ്പളം വട്ടമെത്തിക്കാന്‍ നെട്ടോട്ടം ഓടുന്ന ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന എക്‌സൈസ് റേഞ്ച് ഓഫീസുകളുണ്ട് കേരളത്തില്‍. വകുപ്പില്‍ നിന്നും ഡീസല്‍ ബില്ല് മാറിക്കിട്ടാത്തതു കൊണ്ട് സ്വന്തം ശമ്പളത്തില്‍ നിന്നും കാശെടുത്താണ് അത്തരം ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജീപ്പില്‍ ഡീസല്‍ അടിക്കുന്നത്.
പെട്രോളിംഗും അത്യാവശ്യ മീറ്റിംഗുകള്‍ക്കും, റെയ്്ഡുകള്‍ക്കും പോകാതെ പറ്റില്ലല്ലോ. അതുകൊണ്ടാണ് സര്‍ക്കാര്‍ ജീപ്പ് ഓടിക്കാന്‍ ഡീസലടിക്കുന്നത്. മറ്റു ജില്ലയില്‍ നിന്നും ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥന്റെ ചെലവും കുടുംബ പ്രാരാബ്ദവും മറ്റാവശ്യങ്ങളുമെല്ലാം കഴിഞ്ഞാല്‍ നീക്കിയിരുപ്പ് കാലിയായ പേഴ്‌സു മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്. എന്നിട്ടും, ജീപ്പില്ലാതെ എന്ത് എക്‌സൈസ് റേഞ്ച്. ഓട്ടോയിലും, കാറിലും, സ്‌കൂട്ടറിലും റെയ്ഡ് നടത്താന്‍ കഴിയില്ലല്ലോ. ഒപ്പം ജോലി ചെയ്യുന്ന ജീവനക്കാരെ ബുദ്ധിമുട്ടിക്കാനും കഴിയില്ല. ഇതു മനസ്സിലാക്കിയാണ് സ്വന്തം പേഴ്‌സ് കാലിയാകുന്നത് ദ്യോഗസ്ഥര്‍ സഹിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണോ അതോ വകുപ്പിന്റെ സാമ്പത്തിക ദാരിദ്ര്യമാണോ ഡിസല്‍ ബില്ലുകള്‍ മാസങ്ങളായി പെന്റിംഗാണ്.
ഇക്കാര്യം മനോവിഷമം സഹിക്കാന്‍ കഴിയാതെ ആത്മഗതം പോലെ പറയുന്നവരെ, വകുപ്പ് തൂക്കിക്കൊല്ലാന്‍ വിധിക്കരുത്. നാട്ടില്‍ മദ്യവും മയക്കുമരുന്നും വ്യാപിക്കാന്‍ പാടില്ല എന്നതുകൊണ്ടും, തലമുറകളെ രാജ്യ സേവകര്‍ ആക്കുന്നതിനും വേണ്ടി പ്രതിജ്ഞ എടുത്തവരാണ് ഈ യൂണിഫോം സേന. പക്ഷെ, അവര്‍ക്ക് ഈ നാടിനെ നശിപ്പിക്കാന്‍ നോക്കുന്നവരെ ഓടിച്ചിട്ടു പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നു മനസ്സിലാക്കിക്കുകയാണ് വേ്ണ്ടത്. ക്യാന്‍സറിന് ചികിത്സിക്കാതെ ക്യാന്‍സര്‍ പിടിച്ച രോഗിയുടെ പനി മാറ്റാന്‍ മരുന്നു നല്‍കുന്നതു പോലെ ഈ വാര്‍ത്ത നല്‍കിയവരെ കണ്ടെത്താനുള്ള വ്യഗ്രത വിട്ടിട്ട്, എക്‌സൈസ് റേഞ്ചുകളിലെ ജീപ്പുകളില്‍ ഡീസലടിക്കാന്‍ പണം അനുവദിക്കുകയാണ് വേണ്ടത്.
CONTENT HIGH LIGHTS; Toddy shop contractor ‘the wealth of this range’: Excise officials turn their backs on diesel; Petrol pump workers turn their backs on seeing jeeps; Those who work shamelessly without being able to pay their bills!!
















