തൃശ്ശൂരിൽ വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോൾ ഹോൺ അടിച്ചത് പ്രകോപനത്തിനിടവെച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശ്ശൂര്‍ പേരാമംഗലത്ത് തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അഭിജിത്ത് (29) , ബിനേഷ് (46) , ബിനേഷിന്റെ മകന്‍ അഭിനന്ദ് (19) എന്നിവരെ കച്ചേരി സ്വദേശിയായ കിഷോര്‍ കൃഷ്ണ എന്നയാളാണ് കുത്തി പരിക്കേല്പിച്ചത്.
മൂന്നുപേരെയും ഉടൻ തന്നെ അടുത്തുള്ള തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ബൈക്കില്‍ യാത്രചെയ്തിരുന്ന കിഷോര്‍ കൃഷ്ണയെ മറികടക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനായ അഭിജിത്ത് ഹോണടിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്.
കിഷോറും അഭിജിത്തും തമ്മിൽ തർക്കിക്കുന്നതുകണ്ട അഭിജിത്തിനെ പരിചയമുള്ള ബിനേഷും മകന്‍ അഭിനന്ദും വാഹനംനിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇതിനുപിന്നാലെ കിഷോര്‍ കൃഷ്ണ മൂവരെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ കിഷോറിനായി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് തിരച്ചില്‍ തുടരുകയാണ്.
















