ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്.
സംഭവത്തിൽ രണ്ട് വിദ്യാർഥികളും അധ്യാപകനായ വിജയകുമാർ, സ്കൂള്‍ പ്രിന്‍സിപ്പലായ അരുണ്‍കുമാർ എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ പീലമേട് പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബീഫ് കഴിക്കുന്നവനാണെന്ന് ആരോപിച്ച് രണ്ട് മാസം മുമ്പ് അഞ്ച് വിദ്യാര്‍ഥികൾ ചേർന്ന് അഖിലനെ ക്ലാസ് മുറിയിൽ എഴുന്നേൽപ്പിച്ച് നിർത്തി അധിക്ഷേപിച്ചിരുന്നതായി വിദ്യാർഥിയുടെ മാതാവ് എ. കൗസല്യാദേവി ആരോപിച്ചു. ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ അഖിലനെ, വീട്ടുജോലിക്കാരിയായ അമ്മ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.















