സീ സ്റ്റുഡിയോസുമായി സഹകരിച്ച് മാക്‌സ് മാർക്കറ്റിങ് അവതരിപ്പിക്കുന്ന ‘ദശാവതാരം’ എന്ന മറാഠി ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മറാഠി സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം മലയാളത്തിൽ ഡബ്ബ് ചെയ്ത് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രം ഡിസംബർ 12-ന് കേരളത്തിൽ പ്രദർശനത്തിനെത്തും.
ഭാഷാഭേദമന്യേ സിനിമകൾ സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഒരു ഗംഭീര തിയേറ്റർ വിരുന്നാണ് ചിത്രം ഒരുക്കുകയെന്ന് ട്രെയ്ലർ വ്യക്തമാക്കുന്നു. കൂടാതെ, ചിത്രത്തിന്റെ സാങ്കേതിക നിലവാരം വളരെ ഉയർന്നതാണെന്നും ട്രെയ്ലർ സൂചന നൽകുന്നുണ്ട്. സുബോധ് ഖാനോൽക്കർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൗസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിലാണ് നിർമ്മിച്ചത്.
സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ് നിർമ്മാതാക്കൾ. മാക്‌സ് മാർക്കറ്റിങ്ങിന്റെ ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്‌ലേക്കർ, വരുൺ ഗുപ്ത എന്നിവരാണ് മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ പ്രധാന താരങ്ങൾ ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ്. ഏത് ഭാഷയിലെ മികച്ച ചിത്രങ്ങളെയും മലയാളി പ്രേക്ഷകർ ഒരേ മനസ്സോടെ സ്വീകരിക്കുന്നത് കൊണ്ടാണ് ‘ദശാവതാരം’ മലയാളത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് വരുൺ ഗുപ്ത അറിയിച്ചു.
















