യാത്രക്കാരിയെ വഴിയിലിറക്കിവിട്ടതുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടർന്ന് ഓട്ടോ ഡ്രൈവറെ വീട്ടിൽ വിളിച്ചുവരുത്തി ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ എടത്വയിൽ ഓട്ടോ ഡ്രൈവറായ അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി 3 ജഡ്ജി എസ്. ഭാരതി വിധി പ്രഖ്യാപിച്ചത്.
തലവടി സ്വദേശികളായ അമൽ (21), കെവിൻ (19) എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതി അമലിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതി കെവിനും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കെട്ടിവയ്ക്കുന്നില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക കൊല്ലപ്പെട്ട അനിൽകുമാറിന്റെ ഭാര്യ സന്ധ്യക്ക് നൽകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
സംഭവം നടന്നത് 2019 ജനുവരി 14 രാത്രി 12.30 ഓടെയാണ്. രണ്ടാം പ്രതിയായ കെവിന്റെ സഹോദരിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും മടങ്ങിവരവേ എടത്വായ്ക്ക് വരുന്ന വഴിയിൽ ഇറക്കിവിട്ടതിലുള്ള വിരോധമാണ് ഈ ക്രൂരമായ കൊലപാതകത്തിന് കാരണം. പ്രതികൾ അനിൽകുമാറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി, ഭാര്യ സന്ധ്യയുടെ മുന്നിൽ വച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഒന്നാം പ്രതി അമൽ കൈവശം കരുതിയ മൂർച്ചയേറിയ കത്തികൊണ്ട് അനിൽകുമാറിന്റെ തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലും ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു. ഈ സമയം രണ്ടാം പ്രതി കെവിൻ അനിൽകുമാറിനെ പിടിച്ച് നിർത്തുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച ഭാര്യ സന്ധ്യയെയും പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. നാട്ടുകാർ ഉടൻ തന്നെ അനിൽകുമാറിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ മരണം സംഭവിക്കുകയായിരുന്നു.
കൊല്ലപ്പെട്ട അനിൽകുമാറിന്റെ ഭാര്യ സന്ധ്യയുടെ മൊഴി പ്രകാരമാണ് എടത്വാ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത് എടത്വാ സബ്ബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജ് ആയിരുന്നു. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി.
















