മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കളങ്കാവൽ’. സിനിമ ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ വില്ലനായി മമ്മൂട്ടിയും പോലീസ് വേഷത്തിൽ വിനായകനുമാണ് എത്തുന്നത്. കൂടാതെ ചിത്രത്തിൽ 22 നായികമാരാണുള്ളത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം ചിത്രത്തിലെ 22 നായികമാരും ഒന്നിച്ച് വേദി പങ്കിട്ടു. അപ്പോൾ ഇവന്റിനിടെ ചിത്രത്തിലെ നായികമാരിലൊരാളായ സീമ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നടിയുടെ സംസാരം കേട്ട് ചിരിയടക്കാനത്തെ നിൽക്കുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാൻ സാധിക്കും.
View this post on Instagram
“എന്റെ മൂക്കിന്റെ അറ്റത്തൊരു കറുത്ത ഉണ്ണിയുണ്ട്. പണ്ട് എല്ലാവരും പറയും ഇത് സർജറി ചെയ്തു കളയണം എന്ന്. ഞാൻ പറയും, ഇല്ല എനിക്കും മമ്മൂക്കയ്ക്കും മാത്രമേ ആ സാധനമുള്ളൂ. അന്നൊന്നും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല അദ്ദേഹത്തെ കാണാൻ പറ്റുമെന്ന്. പക്ഷേ കണ്ടു,അഭിനയിച്ചു, ഒരുപാട് സന്തോഷം,” സീമയുടെ വാക്കുകളിങ്ങനെ. സീമയുടെ സംസാരം കേട്ട് ചിരിയോടെ നിൽക്കുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം.
രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ അണിനിരക്കുന്നത്.
വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ രചിച്ച ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’.ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലിയും സംഗീതം മുജീബ് മജീദും എഡിറ്റിംഗ് പ്രവീൺ പ്രഭാകറും നിർവ്വഹിച്ചിരിക്കുന്നു.
















