ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രമായ ‘പൊങ്കാല’ വെള്ളിയാഴ്ച വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. സിനിമയിൽ വയലന്‍സ് അതിഭീകരമായതിനാല്‍ 8 റീലുകളിലെ എട്ടുസീനുകള്‍ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവൂവെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആ സീനുകള്‍ ഒഴിവാക്കാനാകാത്തതിനാല്‍ ഇവ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റോടെ സീന്‍ കട്ട് ഒന്നുമില്ലാതെ 350-ലധികം തിയേറ്ററുകളില്‍ വേള്‍ഡ് വൈഡായി വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ മാത്രം 110 തീയേറ്ററുകളില്‍ റിലീസുണ്ട്.ആരാധകര്‍ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘പൊങ്കാല’. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനംചെയ്യുന്ന ‘പൊങ്കാല’ ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 എന്നിവയുടെ ബാനറില്‍ ദീപുബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മിക്കുന്നു. കോ- പ്രൊഡ്യൂസര്‍ ഡോണ തോമസ്. ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു.
2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ യാമി സോനാ, ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജാ ശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പ്രമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, ഒപ്ര, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാര്‍ക്കറ്റിങ്: ബ്രിങ് ഫോര്‍ത്ത്.
















