പരിസ്ഥിതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയും വായുവിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്തതിനെത്തുടർന്ന് മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (എംപിസിബി) 19 റെഡി മിക്സ് കോൺക്രീറ്റ് (ആർഎംസി) പ്ലാന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. നിയമപരമായ അനുമതികളോ മതിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് ബോർഡിന്റെ കർശന നടപടി.
ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷൻ മാനേജ്‌മെന്റ് സംവിധാനങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന പ്ലാന്റുകളാണ് പൂട്ടാൻ ഉത്തരവിട്ടതെന്ന് എംപിസിബി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കൂടാതെ, ഈ സ്ഥാപനങ്ങളിൽ പലതിനും പ്രവർത്തിക്കാനുള്ള നിയമപരമായ അനുമതികൾ ഉണ്ടായിരുന്നില്ലെന്നും ബോർഡ് കണ്ടെത്തി. മലിനീകരണ നിയന്ത്രണത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്ന് അറിയിച്ചുകൊണ്ട് കർശനമായ പരിശോധനകൾ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.
എംപിസിബി നടത്തിയ തുടർച്ചയായ പരിശോധനകളിൽ, ആദ്യഘട്ടത്തിൽ നാല് പ്രമുഖ കമ്പനികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. ഓം ഗ്ലോബൽ ഓപ്പറേഷൻ, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവർത്തനങ്ങളാണ് തടഞ്ഞത്. ഇതിന് പുറമെ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ ആറ് ആർഎംസി യൂണിറ്റുകളും കല്യാണിലെ ഒൻപത് യൂണിറ്റുകളും മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഇതോടെ, ആകെ പൂട്ടിയ പ്ലാന്റുകളുടെ എണ്ണം 19 ആയി. നിബന്ധനകൾ പാലിക്കാത്ത വ്യവസായങ്ങൾക്കെതിരെ നടപടികൾ തുടരുമെന്ന് എംപിസിബി വ്യക്തമാക്കി.
ആർഎംസി പ്ലാന്റുകൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് എംപിസിബി പരിശോധനകൾ ഊർജ്ജിതമാക്കിയത്. 2023 ഒക്ടോബറിൽ ആർഎംസി പ്ലാന്റുകൾക്കായി പുതുക്കിയ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ ബോർഡ് പുറത്തിറക്കിയിരുന്നു. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് നിലവിലെ നടപടികൾ. മലീനികരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി എം.എം. ദേവേന്ദ്ര സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധനകളിൽ നേരിട്ട് പങ്കെടുത്തതായും ബോർഡ് അറിയിച്ചു.
നഗരത്തിലെ വായു ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി എംപിസിബി നിലവിൽ 32 കണ്ടിന്യൂവസ് ആംബിയന്റ് എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ (സിഎക്യുഎംഎസ്) പ്രവർത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാൺ, പൻവേൽ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവർത്തനം. ഇതിൽ 14 സ്റ്റേഷനുകൾ ബൃഹൻ മുംബൈ കോർപ്പറേഷൻ (ബിഎംസി) വഴിയാണ് പ്രവർത്തിക്കുന്നത്.
ഈ സ്റ്റേഷനുകളിൽനിന്നുള്ള തത്സമയ വായു ഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓൺലൈൻ ഡാഷ്‌ബോർഡിലും മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ, സംസ്ഥാനത്തുടനീളം 22 മൊബൈൽ എയർ ക്വാളിറ്റി മോണിറ്ററിങ് വാനുകളും എംപിസിബി വിന്യസിച്ചിട്ടുണ്ട്.
















