ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച ബാക്കിനിൽക്കെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കൗമാരക്കാരെ നീക്കം ചെയ്ത് മെറ്റ. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് എന്നിവയിൽ നിന്നാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളെ കമ്പനി ഒഴിവാക്കിയത്.
ഡിസംബർ നാല് മുതൽ തന്നെ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് മെറ്റ മുൻപേ അറിയിച്ചിരുന്നു. ഈ മാസം പത്തോടെ യുട്യൂബ്, ടിക് ടോക്, സ്നാപ്ചാറ്റ്, റെഡിറ്റ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർജീവമാകും. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ അക്കൗണ്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ 495 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ആകും ടെക് കമ്പനികൾ പിഴ നൽകേണ്ടി വരുക.
സർക്കാർ നിയമപ്രകാരമുള്ള പ്രായം പൂർത്തിയായാൽ മാത്രമേ കുട്ടികൾക്ക് അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കു. പതിനാറ് വയസ്സിന് മുകളിലുള്ളവരുടെ അക്കൗണ്ടുകളും ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ പ്രായം തെളിയിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് അപ്പീൽ നൽകാവുന്നതാണ്. ഇതിനായി പ്രായം തെളിയിക്കുന്നതിനായി ‘വീഡിയോ സെൽഫി” വഴിയോ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ വഴിയോ അപ്പീൽ നൽകാവുന്നതാണ്.
കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം കുറയ്ക്കുന്നതിനായി നിരോധന നിയമം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ , മാനസികാരോഗ്യ സംരക്ഷണം തുടങ്ങിയ ലക്ഷ്യത്തോടെയാണ് സർക്കാർ നിയമം കൊണ്ടുവന്നിരിക്കുന്നത്.
















