കളിപ്പാട്ടങ്ങളോ അരുമ മൃഗങ്ങളോ അല്ല, ജീവനുള്ള പാമ്പുകളാണ് ഈ കുട്ടികളുടെ കളിക്കൂട്ടുകാർ. സാധാരണയായി കൂട്ടുകാർ ഒന്നിച്ചാൽ ക്രിക്കറ്റോ ഫുട്ബോളോ കളിക്കുന്നതിനപ്പുറം, വളർത്തുനായ്ക്കളോ പൂച്ചകളോടൊപ്പമുള്ള കളികളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ എല്ലാവരെയും അമ്പരപ്പിക്കുകയാണ്.
വീഡിയോയിലെ കുട്ടികൾ കളിക്കുന്നത് വിഷമില്ലാത്തയിനം ബോൾ പൈത്തൺ (Ball Python) ഇനത്തിൽപ്പെട്ട പാമ്പുകളോടൊപ്പമാണ്. ഒട്ടും ഭയമില്ലാതെ, ഈ പാമ്പുകളെ തോളിലിട്ടും കൈകളിൽ എടുത്തും തലോടിയുമാണ് കുരുന്നുകളുടെ വിനോദം. ഇവയെ ഒറ്റനോട്ടത്തിൽ അപകടകാരിയായ അണലിയായി തോന്നിയേക്കാം. എങ്കിലും, ഇന്ന് അനേകം വീടുകളിൽ വളർത്തുമൃഗമായി പരിപാലിക്കുന്ന ഒരിനമാണ് ബോൾ പൈത്തൺ.
ഈ വീഡിയോ കണ്ട് നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തുന്നത്. “ഇത്തരത്തിൽ പാമ്പുകളുമായി വളരുന്ന കുട്ടികൾക്ക് അണലിയെ കാണുമ്പോൾ അത് അപകടകാരിയല്ലെന്ന് തെറ്റിദ്ധരിച്ച് വീട്ടിലേക്ക് കൊണ്ടുവരാൻ തോന്നുമോ?” എന്ന തരത്തിലുള്ള ആശങ്കകളും ചിലർ പങ്കുവെക്കുന്നുണ്ട്.
















