രാജ്യത്ത് ഞെട്ടലുണ്ടാക്കി വൻ അന്തർസംസ്ഥാന വായ്പാത്തട്ടിപ്പ് റാക്കറ്റിനെ തകർത്ത് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF). ഷെൽ കമ്പനികൾ സ്ഥാപിച്ച് കള്ളപ്പണം വെളുപ്പിക്കുകയും മരിച്ചവരുടെ പേരിലുള്ള വസ്തുവകകൾ പോലും വ്യാജമായി വിറ്റഴിക്കുകയും ചെയ്ത കേസിൽ എട്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഏകദേശം 100 കോടി രൂപയുടെ തട്ടിപ്പാണ് ഈ സംഘം ആസൂത്രിതമായി നടപ്പിലാക്കിയിരുന്നത് എന്നാണ് STF നൽകുന്ന വിവരം.
ഈ തട്ടിപ്പിനായി ബാങ്ക് ജീവനക്കാരുമായും പ്രമുഖ ബിൽഡർമാരുമായും ചേർന്ന് ഇവർ അതിസൂക്ഷ്മമായി വ്യാജരേഖകൾ ചമച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘം ചില കേസുകളിൽ ഇല്ലാത്ത ആളുകളുടെ പേരിൽ വസ്തുവകകൾ വാങ്ങിക്കൂട്ടുകയും, മറ്റ് ചില സന്ദർഭങ്ങളിൽ ബിൽഡർമാർ വഴി വൻതോതിൽ ഭവന വായ്പകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ രാംകുമാർ, നിതിൻ ജെയിൻ, എം.ഡി. വാസി, ഷംഷാദ് ആലം, ഇന്ദ്രകുമാർ കർമ്മകാർ, അനുജ് യാദവ്, താഹിർ ഹുസൈൻ, അശോക് എന്ന ദീപക് ജയിൻ എന്ന റിക്കി എന്നിവർ ഉൾപ്പെടുന്നു.
ഈ തട്ടിപ്പ് റാക്കറ്റിന്റെ തലവനെന്ന് സംശയിക്കുന്ന 45 വയസ്സുകാരനായ രാംകുമാറിന്റെ പങ്ക് നിർണായകമാണ്. ഇയാൾ മുൻപ് എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളിൽ ലോൺ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന വ്യക്തിയാണ്. വിവിധ ബിൽഡർമാരുമായി ഒത്തുചേർന്ന് രാംകുമാർ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുകയും, ഇവരുടെ പേരിൽ വലിയ ഭവന വായ്പകൾ നേടുകയും ചെയ്തതായി STF ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തട്ടിപ്പിന് മറയായി ടിഎസ്എ സോഫ്റ്റ്‌വെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ട്രിപ്ടെക്കി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി രണ്ട് സ്വകാര്യ കമ്പനികളും രാംകുമാർ ഉണ്ടാക്കി. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ ഈ കമ്പനികളുടെ പേരിൽ അക്കൗണ്ടുകൾ തുറന്നാണ് വായ്പകൾ കൈക്കലാക്കിയത്. പണമിടപാടുകൾ മറച്ചുവെക്കാനും കള്ളപ്പണം വെളുപ്പിക്കാനുമായി ഇരുപതിലധികം ഷെൽ കമ്പനികൾ ഈ സംഘം സൃഷ്ടിച്ചു എന്നും STF പറയുന്നു.
മരിച്ചുപോയ ഡൽഹി സ്വദേശിനി രത്‌ന വാസുദേവയുടെ സ്വത്ത് വിറ്റഴിച്ചതാണ് ഈ കേസിലെ ഏറ്റവും ഞെട്ടിക്കുന്ന തട്ടിപ്പ്. വിദേശത്തായിരുന്ന ഇവരുടെ മക്കൾ അറിയാതെ, രത്‌നയുടെ പേരിലുള്ള സ്ഥലത്തിൽനിന്ന് 4.8 കോടി രൂപയുടെ വായ്പ നേടിയ ശേഷം അത് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. എം.ബി.എ. ബിരുദധാരിയായ രാംകുമാറും, മറ്റൊരു പ്രതിയായ വാസിയും എം.ബി.എ., എൽ.എൽ.ബി. ബിരുദധാരിയും മുൻപ് എക്‌സ്‌ചേഞ്ച് കമ്പനിയിലെ ലീഗൽ ആൻഡ് റിസ്‌ക് മാനേജരുമായിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തിൽ റെയ്ഡിൽ കണ്ടെടുത്ത ഏകദേശം 220 ബാങ്ക് അക്കൗണ്ടുകൾ ഇതിനോടകം മരവിപ്പിച്ചു കഴിഞ്ഞു.
















