മുഖത്ത് വേണ്ടതിലധികം രോമങ്ങൾ കാണുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. ഹോർമോൺ മാറ്റങ്ങൾ, ജീവിതശൈലി, പാരമ്പര്യം, ചില ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുടെ ഫലമായി മുഖരോമം കൂടുതലാകാം. പ്രത്യേകിച്ച് സ്ത്രീകളിൽ ചുണ്ടിന് താഴെ, കവിളുകളിൽ, നെറ്റിയിലൊക്കെ രോമങ്ങൾ കൂടുതലായി തോന്നുമ്പോൾ അത് വ്യക്തിയുടെ സൗന്ദര്യബോധത്തെയും മാനസികസുഖത്തെയും സ്വാധീനിക്കും. മുഖത്തെ അനാവശ്യ രോമങ്ങൾ സ്ഥിരമല്ലെങ്കിലും, അവ നിയന്ത്രിക്കാൻ ശരിയായ പരിചരണവും ചികിത്സയും സ്വീകരിക്കുമ്പോൾ ഈ പ്രശ്‌നം വളരെക്കുറച്ച് സമയംകൊണ്ട് തന്നെ പരിഹരിക്കാവുന്നതാണ്.
ഇതിനെ ഇല്ലാതാക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ മുതൽ ലേസർ ട്രീറ്റ്‌മെന്റ് വരെയുള്ള നിരവധി ഒപ്ഷനുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ, രാസവസ്തുക്കൾ ഇല്ലാതെ പ്രകൃതിദത്തമായ രീതിയിൽ ഇതിന് പരിഹാരം കാണാൻ നമുക്ക് സാധിച്ചാലോ? എങ്ങനെയെന്ന് നോക്കാം;
ഉബ്ടാൻ കൂട്ടുകൾ ചർമ്മം മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നതോടൊപ്പം, രോമവളർച്ചയുടെ വേഗത കുറയ്ക്കാനും രോമങ്ങളെ കനം കുറയ്ക്കാനും സഹായിക്കുന്നു. അടുക്കളയിൽ തന്നെയുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഇവ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
1. കടലമാവ് + മഞ്ഞൾ + പാൽ+
കടലമാവ് മികച്ച എക്സ്ഫോളിയേറ്റർ. മഞ്ഞൾ രോമവളർച്ച കുറയ്ക്കും.
2 ടേബിൾസ്പൂൺ കടലമാവ് , അര ടീസ്പൂൺ മഞ്ഞൾ പൊടി, 1 ടേബിൾസ്പൂൺ പാൽ അല്ലെങ്കിൽ തൈര് ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് തേച്ചുപിടിപ്പിച്ച് 15-20 മിനിറ്റിനുശേഷം ഉണങ്ങുമ്പോൾ, ചെറുചൂടുവെള്ളം ഉപയോഗിച്ച് വൃത്താകൃതിയിൽ മൃദുവായി ഉരസി കഴുകിക്കളയുക. കടലമാവ് മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും മഞ്ഞൾ രോമവളർച്ച തടയുകയും ചെയ്യും.
പപ്പായ + മഞ്ഞൾ
സെൻസിറ്റീവായ ചർമ്മക്കാർക്ക് ഏറ്റവും അനുയോജ്യമായ ഉബ്ടാനാണിത്. 2 ടേബിൾസ്പൂൺ പഴുത്ത പപ്പായ പൾപ്പ്, ഒരു നുള്ള് മഞ്ഞൾ പൊടി, പപ്പായ നന്നായി ഉടച്ച് മഞ്ഞൾ ചേർക്കുക. രോമങ്ങളുള്ള ഭാഗങ്ങളിൽ പുരട്ടി 15-20 മിനിറ്റ് വച്ചശേഷം വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്ത് കഴുകുക. പപ്പായയിലുള്ള പാപ്പൈൻ (Papain) എന്ന എൻസൈം രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും വീണ്ടും രോമം വളരുന്നത് തടയുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന് ഈർപ്പം നൽകാനും സഹായിക്കും.
അരിപ്പൊടി + പാൽ
നല്ലൊരു എക്സ്ഫോളിയേഷനും തിളക്കവും ലഭിക്കാൻ ഈ കൂട്ട് സഹായിക്കും.
2 ടേബിൾസ്പൂൺ അരിപ്പൊടി, 2 ടേബിൾസ്പൂൺ പാൽ. അര ടീസ്പൂൺ മഞ്ഞൾ ഓപ്ഷണലാണ്. ചേരുവകൾ ചേർത്ത് മൃദുവായി കുഴച്ചശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം വൃത്താകൃതിയിൽ ഉരസി നീക്കം ചെയ്യുക. അരിപ്പൊടി മൃദുവായി എക്സ്ഫോളിയേറ്റ് ചെയ്യുമ്പോൾ, പാൽ രോമങ്ങളുടെ നിറം മങ്ങിക്കാൻ സഹായിക്കും. വരണ്ട ചർമ്മക്കാർക്ക് ഇത് വളരെ നല്ലതാണ്.
ഉലുവ + പേസ്റ്റ്
ഉലുവ അഥവാ മേത്തി മുഖത്തെ രോമങ്ങൾ നീക്കാൻ സഹായിക്കുമെന്ന് പലർക്കും അറിയില്ല.
2 ടേബിൾസ്പൂൺ ഉലുവ, പേസ്റ്റ് രൂപത്തിലാക്കാൻ ആവശ്യമായ വെള്ളം അല്ലെങ്കിൽ പാൽ. ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. പിറ്റേന്ന് വെള്ളമോ പാലോ ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. രോമമുള്ള ഭാഗങ്ങളിൽ പുരട്ടി 20-25 മിനിറ്റ് വച്ച് ഉണങ്ങുമ്പോൾ മൃദുവായി ഉരസി കഴുകുക. ഉലുവയിലുള്ള ഘടകങ്ങൾ രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും രോമവളർച്ച സാവധാനത്തിലാക്കുകയും ചെയ്യും.
ഓട്‌സ് + കടലമാവ് + തേനും
സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഏറ്റവും സൗമ്യമായ ഉബ്ടാൻ ആണിത്.
2 ടേബിൾസ്പൂൺ കടലമാവ്, 1 ടേബിൾസ്പൂൺ ഓട്‌സ് പൊടിച്ചത്, 1 ടീസ്പൂൺ തേൻ, അൽപ്പം പനിനീര്/പാൽ. എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് 20 മിനിറ്റ് മുഖത്ത് വെക്കുക. കഴുകുന്നതിന് മുൻപ് വൃത്താകൃതിയിൽ മസാജ് ചെയ്യുന്നത് രോമങ്ങളെ നീക്കാൻ സഹായിക്കും. ഓട്‌സ് വളരെ മൃദുവായി എക്സ്ഫോളിയേറ്റ് ചെയ്യുകയും, തേൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു.
ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* ആഴ്ചയിൽ 2–3 തവണ സ്ഥിരതയോടെ ഉപയോഗിച്ചാൽ മാത്രമേ ഫലം ലഭിക്കൂ.
* കടുപ്പത്തിൽ ഉരയ്ക്കരുത്. ചർമ്മം ദൂഷ്യപ്പെടാം.
* ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് നിർബന്ധം.
* ഉബ്ടാൻ ഉപയോഗിച്ച ശേഷം മോയ്സ്ചറൈസർ നിർബന്ധം.
രാസവസ്തുക്കളുടെ സഹായമില്ലാതെ സുരക്ഷിതമായി സൗന്ദര്യം വർധിപ്പിക്കാൻ ഈ ഉബ്ടാൻ കൂട്ടുകൾ ഏറ്റവും നല്ല മാർഗമാണ്. ശാസ്ത്രീയമായി തെളിയിച്ച പ്രകൃതിദത്ത ചേരുവകളാൽ രോമവളർച്ച സാവധാനമാക്കാനും മിനുസമാർന്ന ചർമ്മം നേടാനും ഇതിലൂടെ സാധിക്കും.
















