ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഡ്രൈ ഫ്രൂട്ട് ആണ് ഈന്തപ്പഴം. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണിത്. പുരാതന ഈജിപ്ത്യർ ഈന്തപ്പഴം ദിവസവും പ്രധാന ഭക്ഷണം പോലെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ സൗദി, ഇറാൻ, യുഎഇ, ഇസ്രായേൽ മുതലായ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉത്പാദിപ്പിക്കുന്നത്. ഇനി മുതൽ ഈന്തപ്പഴം കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഈ കാര്യങ്ങൾ കൂടി നിങ്ങൾ ശ്രദ്ധിക്കണം.
– ഈന്തപ്പഴം വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ രൂപമാണ്. നന്നായി വിളഞ്ഞതും ഗുണമേന്മയുള്ളതുമായ ഈന്തപ്പഴം പൊതുവെ തടിച്ചതും വൃത്താകൃതിയിലുള്ളതുമായിരിക്കും. കൂടാതെ, ഇതിന് നല്ല തിളക്കവും ഒരേപോലെയുള്ള നിറവുമായിരിക്കും.
– നല്ല ഈന്തപ്പഴം എല്ലായ്പ്പോഴും മൃദുവായിരിക്കും. കൈകൊണ്ട് തൊട്ട് നോക്കുമ്പോൾ അധികം കട്ടിയോ വരണ്ട സ്വഭാവമോ തോന്നരുത്, നേരിയ ഒട്ടിപ്പിടിക്കലും മൃദുത്വവും നല്ല ഈന്തപ്പഴത്തിൻ്റെ ലക്ഷണമാണ്.
– ഈന്തപ്പഴം തിരഞ്ഞെടുക്കുമ്പോൾ മണത്ത് നോക്കുന്നത് ഒരു പ്രധാന കാര്യമാണ്. നല്ല ഈന്തപ്പഴത്തിന് നേരിയ മധുരമുള്ള സുഗന്ധമുണ്ടാകും. എന്നാൽ കെട്ടതോ, പൂപ്പൽ പിടിച്ചതോ ആയ മണം തോന്നുകയാണെങ്കിൽ അത് കേടായതിൻ്റെ സൂചനയാണ്.
– തുറന്ന പാത്രങ്ങളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നല്ലത്, വിശ്വസ്തമായ ബ്രാൻഡുകളുടെ പാക്കറ്റിൽ അടച്ച ഈന്തപ്പഴം വാങ്ങുന്നതാണ്. പാക്കറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ, അതിൻ്റെ എക്സ്പയറി ഡേറ്റും പാക്കിംഗ് ഡേറ്റും നിർബന്ധമായും പരിശോധിക്കുക. കൂടാതെ, പാക്കറ്റിൽ ദ്വാരങ്ങളോ, ഈർപ്പം കാരണം ഒട്ടിപ്പിടിച്ച പാടുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഈന്തപ്പഴത്തിൻ്റെ പുറത്ത് ചെറിയ ദ്വാരങ്ങൾ കാണുന്നത് പ്രാണികൾ കയറിയതിന്റെ സൂചനയാകാം.
















