ശബരിമലയ്ക്ക് പോകാന്‍ ആദ്യമായി മാലയിടുന്നവരെ വിളിക്കുന്നതാണ് കന്നി സാമി. അതുപോലെത്തന്നെ പ്രായപൂര്‍ത്തി വോട്ടവകാശം ആകുമ്പോള്‍ ആദ്യമായി വോട്ടു ചെയ്യാനെത്തന്നവരെയും ഒരു പേരു വിളിക്കും. കന്നി വോട്ടര്‍മാര്‍ എന്നാണത്. കന്നി വോട്ടര്‍ക്ക് വോട്ടിംഗും പോളിംഗ് ബൂത്തുമെല്ലാം പുതിയ അനുഭവങ്ങളാണ്. എന്നാല്‍, ഭരണഘടനയുടെ പിന്‍ബലത്തില്‍ ജനങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളെ ഭരിക്കുന്ന സംവിധാനത്തിന്റെ ഭാഗമാകുന്ന കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നതെന്ന ബോധ്യം ഓരോ കന്നി വോട്ടര്‍മാര്‍ക്കും ഉണ്ടാകണം. കന്നിവോട്ടു ചെയ്തു കഴിഞ്ഞാല്‍ ഓരോ അഞ്ചു വര്‍ഷവും കഴിയുമ്പോള്‍ വോട്ടു ചെയ്യാന്‍ തയ്യാറാവുക എന്നതാണ് വോട്ടറുടെ കടമ.
തങ്ങളെ ആര് ഭരിക്കണമെന്നു തീരുമാനിക്കേണ്ട അവകാശം കൂടിയാണത്. അത് പാഴാക്കാതിരിക്കൂ. രാജ്യത്തിന്റെ നല്ല ഭാവിയും, നല്ല ഭരണാധികാരിയും, ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും വരട്ടെ. അവര്‍ ഈ രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കട്ടെ. മൂന്നു ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വോട്ടു ചെയ്യേണ്ടി വരുന്നത്. അതില്‍ ആദ്യത്തേതാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍. രണ്ടാമത്തേത് നിയമസഭാ തെരഞ്ഞെടുപ്പാണ്. മൂന്നാമത്തേത് വാര്‍ലമെന്റ് തെരഞ്ഞെടുപ്പും. ഇതില്‍ നാളെ നടക്കാന്‍ പോകുന്നത്, തദ്ദേശ തെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും വോട്ടു പിടുത്തവും, പ്രകടനവും ക്യാമ്പെയിനും കഴിഞ്ഞ് നിശബ്ദ പ്രതാരണത്തിലാണ്. നാളെ ജനങ്ങള്‍ വിധിയെഴുതും.
ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നി വോട്ടിന് ഒരുങ്ങുന്ന വോട്ടര്‍മാരുടെ എണ്ണം ലക്ഷം കഴിയും. ഇത്രയും പേരുടെ ഇടതു കൈയ്യിലെ ചൂണ്ടു വിരലില്‍ മഷി പതിയും. ഇലക്ട്രോണിക് മെഷീനിമാണ് വോട്ടെങ്കില്‍ തങ്ങലുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുമ്പോള്‍ ഒരു ശബ്ദം കേള്‍ക്കും. ബാലറ്റിലാണെങ്കില്‍ അവിടെ സീലുണ്ടാകും. അതുവെച്ച് സീല്‍ചെയ്ത് പെട്ടിയില്‍ ഇടണം. തദ്ദേശ തെരഞ്ഞെടുപ്പ് മറ്റു തെരഞ്ഞെടുപ്പുകളേക്കാള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് മനസ്സിലാക്കേണ്ടതുണ്ട്. വോട്ട് ചെയ്യേണ്ടത് ഒരാള്‍ക്കാണോ മൂന്ന് പേര്‍ക്കാണോ ?. നോട്ട ഉണ്ടാകുമോ ?. കൊണ്ടുപോകേണ്ട രേഖകള്‍ എന്തെല്ലാമാണ് ?. ഇത്തരത്തില്‍ സംശയങ്ങള്‍ നിരവധിയുണ്ടാകും.
- കന്നി വോട്ടര്‍മാര്‍ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ വരിനില്‍ക്കണം. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ അകത്തേക്ക് പ്രവേശിപ്പിക്കും. ഒന്നാം പോളിങ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിക്കും. പോളിങ് ഏജന്റുമാര്‍ തര്‍ക്കം ഉന്നയിക്കുന്നില്ലെങ്കില്‍ രണ്ടാം പോളിങ് ഓഫീസര്‍ ഇടകുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടി നല്‍കും. രജിസ്റ്ററില്‍ വോട്ടറുടെ ഒപ്പോ വിരലടയാളമോ പതിക്കേണ്ടതാണ്. ശേഷം വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍ രേഖപ്പെടുത്തി കഴിഞ്ഞ് സ്ലിപ്പ് നല്‍കും. സ്ലിപ്പുമായി പ്രിസൈഡിങ് ഓഫീസറുടെ അടുത്തേക്ക് പോകണം. മഷി പുരട്ടിയത് പരിശോധിച്ച ശേഷം സ്ലിപ് വാങ്ങിവച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കും.
മൂന്നാം പോളിങ് ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തും. അപ്പോള്‍ ബാലറ്റ് യൂണിറ്റ് മെഷീന്റെ അടുത്തേക്ക് പോകാം. വോട്ടിങ് മെഷീനിലെ ബള്‍ബ് പച്ച നിറത്തില്‍ പ്രകാശിക്കും. ഈ സമയം വോട്ടര്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തിയാണ് വോട്ട് ചെയ്യേണ്ടത്. അപ്പോള്‍ പച്ച ബള്‍ബ് അണഞ്ഞ് ചുവന്ന ബള്‍ബ് കത്തും. നീണ്ട ബീപ് ശബ്ദവും കേള്‍ക്കുന്നതാണ്.
- എത്ര വോട്ട് ചെയ്യണം?
നിങ്ങള്‍ മുന്‍സിപ്പാലിറ്റിയിലോ കോര്‍പ്പറേഷനിലെ ഉള്‍പ്പെട്ടവരാണെങ്കില്‍ ഒരു വോട്ട് മാത്രമേ ഉണ്ടാവൂ. പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താം. ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കില്‍ മൂന്ന് വോട്ട് ചെയ്യണം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് യൂണിറ്റില്‍ വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക.
- ‘നോട്ട’ ഓപ്ഷന്‍ ഉണ്ടോ?
തദ്ദേശ തിരഞ്ഞെടുപ്പില്‍ ‘നോട്ട’ ഓപ്ഷന്‍ ഇല്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്താം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ‘എന്‍ഡ് ബട്ടണ്‍’ ഉള്ളത്. കൂടാതെ, ഇഷ്ടമുള്ള ഒരു സ്ഥാനാര്‍ഥിക്ക് മാത്രം വോട്ട് ചെയ്തശേഷം ‘എന്‍ഡ് ബട്ടണ്‍’ അമര്‍ത്തുകയും ചെയ്യാവുന്നതാണ്. എന്നാല്‍ മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ബാലറ്റില്‍ എന്‍ഡ് ബട്ടണില്ല.
- തിരിച്ചറിയല്‍ രേഖ ?
വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയല്‍ രേഖ കൈവശം വയ്‌ക്കേണ്ടതാണ്. അതിനായി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, പുതുതായി പേര് ചേര്‍ത്തിട്ടുള്ളവര്‍ക്ക് സംസ്ഥാന കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം.
CONTENT HIGH LIGHTS; Are you ready, ‘Kannikara’?: Do you know how to vote?; How many votes are there in the three-tier Panchayat?; Do you know everything about voting?
















