പ്രേക്ഷക സ്വീകാര്യതയോടെ ഒ.ടി.ടി.യിൽ റിലീസ് ചെയ്ത ‘എൽ’ എന്ന പുതിയ ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമെന്ന് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൻ്റെ പ്രമേയം സംബന്ധിച്ച് ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.

പ്രാചീന ജൂത സംസ്കാരത്തിൻ്റെയും ക്രൈസ്തവ ദൈവശാസ്ത്രത്തിൻ്റെയുമൊക്കെ ചില മിത്തുകളെ പുനരാവിഷ്കരിക്കുന്ന ‘എൽ’ ഒരു ‘പ്രൊപ്പഗാണ്ട’ ചിത്രമെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. കാലഹരണപ്പെട്ട ജൂത മിത്തുകൾ പോസ്റ്റ് മോഡേൺ കാലത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് അണിയറപ്രവർത്തകരുടെ നിഗൂഢ ലക്ഷ്യമാണെന്നും, ജൂദ ബൈബിളായ തോറയിലെ ചില സൂചകങ്ങളും ഉപകഥകളും ക്രൈസ്തവ വിശ്വാസത്തിൽ ഇല്ലാത്ത കാര്യങ്ങളെ വ്യാഖ്യാനിക്കാൻ ഉപയോഗിക്കുന്നുവെന്നുമാണ് ആക്ഷേപം.

ഇത് മതവിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്നുവെന്നും, സിനിമ പ്രേക്ഷകർ തള്ളിക്കളയണമെന്നും, പ്രദർശനാനുമതി തടയണമെന്നും വരെ വിശ്വാസി സമൂഹത്തിൻ്റെ ഭാഗത്ത് നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

സിനിമയുടെ രചയിതാക്കളായ ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ഈ ആരോപണങ്ങളെ തള്ളിക്കളയുന്നു.
സിനിമ നല്ല രീതിയിൽ പ്രദർശനം നടക്കുന്നതിന് എതിരെയുള്ള ചിലരുടെ അസംതൃപ്തിയാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്ന ആക്ഷേപങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മിത്തും യാഥാർത്ഥ്യവും തമ്മിൽ തിരിച്ചറിയാത്തത് തങ്ങളുടെ സിനിമയുടെ പരിമിതിയല്ല. ‘എൽ’ ഒരു കലാസൃഷ്ടിയാണ്.

അത് ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് ചെയ്തതല്ല. സിനിമയെ സിനിമയായി കാണാനുള്ള മനോഭാവമാണ് പ്രേക്ഷകർക്ക് ഉണ്ടാകേണ്ടതെന്നും, മറ്റ് ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ചിത്രം കാണാൻ എല്ലാ പ്രേക്ഷകരും തയ്യാറാകണമെന്നും സംവിധായകൻ ഷോജി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ക്രൈസ്തവ വിശ്വാസ മിത്തുകളും യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞുപോകുന്നതാണ് ഈ ത്രില്ലർ മൂവിയുടെ പ്രമേയം. പോപ് മീഡിയയുടെ ബാനറിൽ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ‘എൽ’. ക്രൈസ്തവ മിത്തുകളിലൂടെ ചിത്രം സഞ്ചരിക്കുമ്പോഴും സമീപകാല സംഭവങ്ങളോട് ഏറ്റുമുട്ടുന്നുണ്ട്.
ചില സന്ദർഭങ്ങളിൽ റോഡ് മൂവിയായും മറ്റുചിലപ്പോൾ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായും ഇത് പ്രേക്ഷകർക്ക് അനുഭവപ്പെടും. ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ‘എന്നാലും എൻ്റെ അളിയാ’ എന്ന ചിത്രത്തിന് ശേഷം അമൃത മേനോൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണ് ‘എൽ’. സംഗീതസംവിധായകനായ ബ്ലെസ്സൺ തോമസാണ് ആദ്യമായ് സ്വതന്ത്ര സംവിധായകനായ് നിന്നുകൊണ്ട് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
















