ബീജദാതാവയ പിതാവിന്റെ ജനിതക വ്യതിയാനത്തെ തുടർന്ന് 197 കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഗുരുതര ആശങ്കകൾ. യൂറോപ്പിലുടനീളം ബീജദാനം നടത്തിയ ഒരു ഡാനിഷ് ബീജദാതാവിന്റെ അപൂർവ ജനിതകവ്യതിയാനമാണ് ഇപ്പോൾ നിരവധി പേരുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തിയിരിക്കുന്നത്. കാൻസറിന് കാരണമാകാവുന്ന TP53 ജീനിലെ മ്യൂട്ടേഷൻ വഹിച്ചിരുന്ന ഇയാളുടെ ബീജം, യൂറോപ്യൻ സ്‌പേം ബാങ്ക് വഴി 14 രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലേക്കാണ് വിതരണം ചെയ്തത്.
യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം നെറ്റ്‌വർക്കിലെ 14 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് സംഭവം സംബന്ധിച്ച അന്വേഷണം നടത്തിയത്. അപൂർവ സ്വഭാവമുള്ള ജീനുമാറ്റമായതിനാൽ പ്രാഥമിക മെഡിക്കൽ പരിശോധനകളിൽ ഇത് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലി–ഫ്രോമെനി സിൻഡ്രോം എന്ന അത്യപൂർവവും ഗുരുതരവുമായ അവസ്ഥയിലേക്ക് നയിക്കുന്ന മ്യൂട്ടേഷാണ് ദാതാവിൽ ഉണ്ടായിരുന്നത്.
ഇയാളുടെ ബീജദാനത്തിലൂടെ ജനിച്ച കുട്ടികളിൽ ചിലർക്കും ഇതിനകം കാൻസർ സ്ഥിരീകരിച്ചു. ഏതാനും കുട്ടികൾ ചെറുപ്പത്തിലേ മരിച്ചതായും അന്വേഷണം വെളിപ്പെടുത്തുന്നു.
2005ൽ വിദ്യാർത്ഥിയായിരിക്കെയാണ് ഇയാൾ ബീജദാനം ആരംഭിച്ചത്. ആരോഗ്യപരിശോധനകളിൽ ഒരിക്കലും പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. അതിനാൽ 17 വർഷത്തോളം ബീജദാനം തുടർന്നു. ശരീരത്തിൽ മ്യൂട്ടേഷൻ ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ബീജങ്ങളിൽ ഏകദേശം 20 ശതമാനം ജീനുമാറ്റം ഉണ്ടായിരുന്നതായി കണ്ടെത്തി.
ഈ മ്യൂട്ടേഷനുള്ള ബീജങ്ങളിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ജീനുമാറ്റം നിലനിൽക്കുന്നതിനാൽ ജീവിതത്തിന്റെ ആദ്യകാലത്ത് തന്നെ കാൻസർ സാധ്യത ഉയർന്നിരിക്കുകയാണ്.
2023 നവംബറിൽ മാത്രമാണ് യൂറോപ്യൻ സ്‌പേം ബാങ്ക് ദാതാവിലെ TP53 മ്യൂട്ടേഷൻ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ ഉയർന്ന വിവരങ്ങൾ പ്രകാരം, സംഭവം യൂറോപ്പിലെ സഹായപ്രജനന സംവിധാനങ്ങളുടെ സ്ക്രീനിങ് മാനദണ്ഡങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.
















