പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസം പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വണ്ടാഴി പഞ്ചായത്തിലെ കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെയും കുടുംബത്തെയും സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇതിനു പിന്നാലെ കല്ലേക്കാട് കെഎസ്‌യു പ്രവർത്തകന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണവും ഉണ്ടായി.
വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറയിലെ യുഡിഎഫ് സ്ഥാനാർഥി സജിത വിപിനും കുടുംബത്തിനും നേർക്കാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. സ്ഥാനാർഥിയുടെ ഭർത്താവ് വിപിൻ, അമ്മ പങ്കജം, 11 മാസം മാത്രം പ്രായമുള്ള കുഞ്ഞ് എന്നിവർക്ക് പരിക്കേറ്റു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും പരിക്കുകളുണ്ട്.
പോളിംഗ് ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റ് വിവരങ്ങളും പറഞ്ഞു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഎം പ്രവർത്തകർ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി. സംഭവത്തിൽ മംഗലംഡാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാലക്കാട് കല്ലേക്കാട് ഉണ്ടായ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകൻ മുഹമ്മദ് അജ്മലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് പിടികൂടി. എന്നാൽ, പിരായിരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ബിജെപി സ്ഥാനാർഥിക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പരാതിയുണ്ട്.
ബിജെപിയുടെ പരാജയഭീതിയാണ് കല്ലേക്കാട് സംഘർഷത്തിന് കാരണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ആരോപിച്ചു. സിപിഎം പ്രവർത്തകരാണ് ആദ്യം ആക്രമിച്ചത്. അതിൽ നിന്ന് രക്ഷതേടി ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥി ഉൾപ്പെടെ ആക്രമണത്തിൽ പങ്കെടുത്തെന്നും എം.പി. ആരോപിച്ചു. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വി.കെ. ശ്രീകണ്ഠൻ മുന്നറിയിപ്പ് നൽകി.
















