15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ വടക്കാഞ്ചേരി എം.എൽ.എ.യും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ അനിൽ അക്കരയ്ക്ക് ഉജ്ജ്വല വിജയം. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡായ സംസ്കൃതം കോളജിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയതും വിജയിച്ചതും. ഈ വിജയം ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫ്. ശ്രമങ്ങൾക്ക് കരുത്തുപകരുന്നതായി.
അനിൽ അക്കരയുടെ വിജയം തിളക്കമുള്ളതായിരുന്നു. അദ്ദേഹത്തിന് 363 വോട്ടുകൾ ലഭിച്ചപ്പോൾ മുഖ്യ എതിരാളിയായ സി.പി.എം. സ്ഥാനാർഥി കെ.ബി. തിലകന് 149 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായിരുന്ന ഈ വാർഡിൽ അവർക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബി.ജെ.പി. സ്ഥാനാർഥി ഹരീഷിന് 49 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
അനിൽ അക്കരയുടെ വ്യക്തിഗത വിജയത്തിനൊപ്പം അടാട്ട് ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടാനാണ് നിലവിൽ സാധ്യത കാണുന്നത്. ആകെ സീറ്റുകളിൽ യു.ഡി.എഫ്. 9 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ എൽ.ഡി.എഫ്. 8 സീറ്റുകളിലും എൻ.ഡി.എ. 4 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 2020-ലെ തിരഞ്ഞെടുപ്പിലാണ് വർഷങ്ങളായി കോൺഗ്രസ് കൈവശം വെച്ചിരുന്ന അടാട്ട് ഭരണം എൽ.ഡി.എഫ്. പിടിച്ചെടുത്തത്.
2000-ൽ കോളജ് പഠന കാലത്താണ് അനിൽ അക്കര ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തുടർന്ന് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം അടാട്ട് പഞ്ചായത്തിനെ നയിച്ചിരുന്നു. എന്നാൽ 2020-ൽ പഞ്ചായത്തും പിന്നാലെ 2021-ൽ നിയമസഭയിൽ വടക്കാഞ്ചേരിയും കോൺഗ്രസിന് നഷ്ടമായി.
ഈ പശ്ചാത്തലത്തിലാണ് അടാട്ട് പിടിച്ചെടുക്കാൻ അനിൽ അക്കരയുടെ നേതൃത്വത്തിൽ കോൺഗ്രസ് ചിട്ടയായ പ്രവർത്തനം പഞ്ചായത്തിൽ നടത്തിയത്. ഈ തിരിച്ചുവരവ് കോൺഗ്രസ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.
















