മുംബൈയിലെ ബദലാപുർ ഈസ്റ്റിനെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞിരിക്കുന്നു. മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തിൽ, ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രൂപേഷ് അറസ്റ്റിലായി.
2022 ജൂലായ് 10-ന് നടന്ന നീരജ രൂപേഷ് അംബേദ്കറുടെ മരണം ആദ്യം അപകടമരണമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ബന്ധുക്കളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യങ്ങൾ കാരണം പോലീസ് നടത്തിയ വിശദമായ അന്വേഷണമാണ് കൊലപാതക രഹസ്യം പുറത്തുകൊണ്ടുവന്നത്.
രൂപേഷിന്റെ ഭാര്യയായ നീരജയുടെ മരണം നടന്ന് മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് കേസിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്. ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നീരജയെ ഒഴിവാക്കാൻ രൂപേഷ് ആസൂത്രണം ചെയ്ത ഞെട്ടിക്കുന്ന കൊലപാതക പദ്ധതിയാണ് ഇതിന് പിന്നിലെന്നും പോലീസ് സ്ഥിരീകരിച്ചു.
കൊലപാതകം നടപ്പിലാക്കാൻ രൂപേഷ് സുഹൃത്തുക്കളായ റിതികേഷ് രമേഷ് ചൽകെ, കുനൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തി. പാമ്പുകളെ രക്ഷപ്പെടുത്തുന്ന സന്നദ്ധപ്രവർത്തകനായ ചേതൻ വിജയ് ദുധാനിൽ നിന്നാണ് ഇവർ വിഷപ്പാമ്പിനെ സംഘടിപ്പിച്ചത്. കൃത്യമായ ആസൂത്രണത്തോടെ ഈ പാമ്പിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊലപാതകം നടന്ന് മൂന്ന് വർഷത്തിന് ശേഷം തെളിവുകൾ സഹിതം രൂപേഷിനെ ബദലാപുർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പങ്കാളികളായ സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും, മറ്റ് വിവരങ്ങൾ ലഭിക്കാനുമായി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
















