എറണാകുളം: സോഷ്യൽ മീഡിയയിൽ തരംഗമായി നിന്ന സ്ഥാനാര്‍ത്ഥിയുടെ പേരായിരുന്നു കൂത്താട്ടുകുളം എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായ മായാ വി (മായാവി)യുടേത്. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാര്‍ഡ് എടയാര്‍ വെസ്റ്റില്‍ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന
മായാ വി തോറ്റിരുന്നു. യുഡിഎഫ് സ്ഥാനാർഥി പിസി ഭാസ്കരനോട് 149 വോട്ടിനാണ് മായ വി തോറ്റത്. ഇപ്പോഴിതാ തോൽവിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മായാ വി.
ടെലിവിഷൻ ഷോകളിലൂടെ പരിചിതയാണ് മായ. വാസന്തി എന്ന അമ്മയുടെ പേരിന്‍റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ബാലരമയിലെ മായാവിയോട് ചേര്‍ത്ത് കൂട്ടുകാരാണ് മായയെ അങ്ങിനെ വിളിച്ചു തുടങ്ങിയത്. സ്ഥാനാര്‍ത്ഥി ആയതോടെ ആ പേരിനൊരു ഗുമ്മ് വന്നു എന്ന് പറയാം. മായാവി സിനിമയിലെ രംഗങ്ങളും ഡയലോഗുകളും ചിത്രങ്ങളും ഒപ്പം ബാലരമയിലെ മായാവിയുമെല്ലാം ട്രോൾ മെറ്റീരിയലുകളായി. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് ഇരുകൈയും നീട്ടി സ്വീകരിക്കുന്നു… കൊന്നിട്ടു പോടാ ‘ എന്നായിരുന്നു ട്രോളന്മാർക്കുള്ള മറുപടിയായി മായാ വിയുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്.
ട്രോളുകളിലും പ്രചാരണങ്ങളും മുന്നിൽ നിന്നെങ്കിലും വോട്ടിൽ അതൊന്നും പ്രതിഫലിച്ചില്ല. തോൽവിക്ക് ശേഷം രണ്ട് കുറിപ്പുകളാണ് മായ പങ്കുവച്ചത്. ‘ഇതിനേക്കാളും വലിയ കാറ്റും കോളും വന്ന് പേടിച്ചിട്ടില്ല ചേച്ചി കുട്ടി, താൽക്കാലികം മാത്രം ശരിയായ നിലപാടിന് അംഗീകാരമില്ലാത്ത കെട്ട കാലമാണ്. വികസനവും, ക്ഷേമ പ്രവർത്തനങ്ങൾ ഒന്നും വലിയ ചർച്ചയാവുന്നില്ല.ഇതൊക്കെ നമ്മൾക്കൊരു സ്റ്റാനഡപ്പ് കോമഡി, അത്രെ ഉള്ളൂ വിജയത്തിന്റെ ഏടുകൾ ആണ് ഈ പരാജയം’- എന്നായിരുന്നു ആദ്യ കുറിപ്പ്. മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല, പൊരുതി തോറ്റതാ… അഭിമാനം എന്നായിരുന്നു മറ്റൊരു കുറിപ്പ്. പക്ഷെ വോട്ട് കണക്കിൽ പകുതിയോളം വോട്ടിനാണ് മായ വിയുടെ തോൽവി. യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പിസി ഭാസ്കരൻ 295 വോട്ട് നേടിയപ്പോൾ, മായ 146 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ ജയൻ കെ 34 വോട്ടുകളും നേടി.
















