പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് ഒരു നീണ്ട ഇടവേളക്ക് ശേഷം മുഴുനീള ഹാസ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘റൺ മാമാ റൺ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 15, തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിച്ചു. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്‌സ് സ്റ്റുഡിയോയിലായിരുന്നു തുടക്കമിട്ട ചടങ്ങുകൾ നടന്നത്.

തികച്ചും ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത് സുകുമാരൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില, നിർമ്മാതാവ് ഷനാസ് ഹമീദ്, നടൻമാരായ ഇന്ദ്രൻസ്, കോട്ടയം നസീർ, ബാലു വർഗീസ്, ഉണ്ണിരാജ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ആദ്യം ചിത്രീകരിച്ചത്, കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും ബോളിവുഡ് മോഡലും നടിയുമായ അഞ്ജലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ്. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഗാനരംഗത്തോടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.

’ക്വീൻ ഐലൻ്റ്’ എന്ന സാങ്കൽപ്പിക ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഐലൻഡിലെ പ്രശ്നങ്ങളും തരികിട പരിപാടികളുമായി കഴിയുന്ന എഡിസൺ എന്ന യുവാവിന്റെ ജീവിതത്തിലേക്ക്, എഡിസണേക്കാൾ വലിയ പ്രശ്നങ്ങളുമായി അനന്തരവൻ ഗബ്രിയേൽ കടന്നുവരുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എഡിസൺ. ബാലു വർഗീസ് ഗബ്രിയേലിനെ അവതരിപ്പിക്കുന്നു. ഇരുവരുടെയും കോമ്പിനേഷൻ രംഗങ്ങൾ നർമ്മത്തിന്റെ പുതിയ തലം നൽകുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിൽ ബാബുരാജ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ജനാർദ്ദനൻ, ഉണ്ണിരാജ, നസീർ സംക്രാന്തി, ബോളിവുഡ് നടൻ പങ്കജ്ജാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സ്റ്റോറി ലാബ് മൂവീസിന്റെ ബാനറിൽ ഷനാസ് ഹമീദും പ്രശാന്ത് വിജയകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രെജീഷ് മിഥിലയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറാണ് സംഗീതം. കിരൺ കിഷോർ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാ സംവിധാനം ഷംജിത്ത് രവിയും കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖറുമാണ്. ചിത്രീകരണം കൊച്ചിയിലും കൊൽക്കത്തയിലുമായി പൂർത്തിയാക്കും.
















