കൃഷി നഷ്ടമാണ് എന്ന് പറയുന്നവരാണ് അധികവും. എന്നാൽ, ചില കൃഷികൾ ലക്ഷങ്ങൾ വരുമാനം നൽകുന്നതാണ്. വിപണി സാധ്യതയും കാലാവസ്ഥയുടെ അനുയോജ്യതയും മറ്റും കണക്കിലെടുത്ത് വേണം കൃഷി ചെയ്യാൻ എന്നുമാത്രം. അത്തരത്തിൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ലക്ഷങ്ങൾ വരുമാനം നേടിത്തരുന്നതുമായ ഒന്നാണ് രക്തചന്ദനം. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് ആന്ധ്രപ്രദേശിലെ കടപ്പയിലും സമീപ മേഖലകളിലും ധാരാളമായി കണ്ടുവരുന്ന ഈ സസ്യം കേരളത്തിന്റെ കാലാവസ്ഥയ്ക്കും പൂർണമായും അനുയോജ്യമാണ്.
വിലയേറിയ ഔഷധവൃക്ഷമാണ് രക്തചന്ദനം. ഫാബേസി സസ്യകുടുംബത്തിൽപ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം ടീറോകാർപ്പസ് സാന്റലൈനഡ് എന്നാണ്. ആയുർവേദഗ്രന്ഥങ്ങളിൽ രക്തചന്ദനം, രക്തസാരം, ക്ഷുദ്രചന്ദനം, ഹരിചന്ദനം എന്നീ പേരുകളിൽ ഇത് പരാമർശിക്കപ്പെടുന്നു. ചെറിയ വൃക്ഷമായി വളരുന്ന രക്തചന്ദനത്തിന്റെ തൊലി ആഴത്തിൽ പിളർന്ന രൂപത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ കാതലാണ് ഔഷധഗുണങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. രക്തപിത്തം, ജ്വരം, വിഷബാധ, വ്രണം, നേത്രരോഗങ്ങൾ, പ്രമേഹം എന്നിവ ശമിപ്പിക്കുന്നതിൽ ഇത് ഫലപ്രദമാണ്. ശ്വാസകോശങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യവും കാന്തിയും മെച്ചപ്പെടുത്താനും രക്തചന്ദനത്തിന് പ്രത്യേക കഴിവുണ്ടെന്ന് ആയുർവേദം പറയുന്നു.
സന്റാലിൻ എ, ബി എന്നീ ചുവന്ന നിറം നൽകുന്ന ഘടകങ്ങൾക്കൊപ്പം ടർപ്പനോയ്ഡ്‌സ്, ഫ്‌ളാവനോയ്ഡ്‌സ്, ടാനിൻ, ഫിനോളിക് സംയുക്തങ്ങൾ, സാപോണിൻ, ഗ്ലൈക്കോസൈഡ്, സ്റ്റിറോയ്ഡ്‌സ് തുടങ്ങിയ നിരവധി രാസഘടകങ്ങളും ഇതിലുണ്ട്. ഇവയുടെ ആന്റി ഓക്‌സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രോഗശമനത്തിന് സഹായകമാണ്. ഗുളുച്യാദി കഷായം, മഹാരാസ്‌നാദി കഷായം, അസനാദി കഷായം, സഹചരാദി തൈലം, കുങ്കുമാദി തൈലം തുടങ്ങിയ പ്രശസ്ത ആയുർവേദ ഔഷധങ്ങളിൽ രക്തചന്ദനം ഉൾപ്പെടുന്നു.
20 മുതൽ 25 വർഷം വരെയാണ് രക്തചന്ദനത്തിന്റെ വളർച്ചാചക്രം. നല്ല നീർവാർച്ചയുള്ള മണ്ണും ചൂടുള്ള ഉഷ്ണമേഖലാ കാലാവസ്ഥയും ഇതിന് ഏറ്റവും അനുയോജ്യം. വിത്തുകളിലൂടെയോ ടിഷ്യൂ കൾച്ചർ രീതിയിലൂടെയോ പ്രജനനം സാധ്യമാണ്. നട്ട ആദ്യഘട്ടത്തിൽ പതിവായി നനവ് ആവശ്യമായിരുന്നാലും അമിത നനവ് വേരുരോഗങ്ങൾക്ക് കാരണമാകുന്നതിനാൽ ഒഴിവാക്കണം. വലിയ പരിപാലനം ആവശ്യമില്ലാത്ത ഈ വൃക്ഷത്തിന്റെ ചുവട്ടിൽ പുതയിടുന്നത് ഈർപ്പം നിലനിർത്താനും കളകൾ നിയന്ത്രിക്കാനും സഹായകമാണ്.
സംരക്ഷിത വൃക്ഷമായതിനാൽ രക്തചന്ദനത്തിന്റെ കൃഷിയും വിളവെടുപ്പും സംസ്ഥാന വനംവകുപ്പിന്റെയോ കേന്ദ്രസർക്കാരിന്റെയോ അനുമതിയോടെയാണ് നടത്തേണ്ടത്. ഔഷധാവശ്യങ്ങൾക്ക് പുറമേ അലങ്കാരവസ്തുക്കൾ നിർമ്മിക്കാനും രക്തചന്ദനം ഉപയോഗിക്കുന്നു. കാതലിന് പ്രായം കൂടുന്തോറും വിലയും ഉയരും. ഗുണമേന്മയുള്ള കാതലിന് കിലോഗ്രാമിന് 15,000 മുതൽ 20,000 രൂപ വരെ വിപണിയിൽ വില ലഭിക്കുന്നതാണ്.
















