ഇടുക്കി: ഇടുക്കി ജില്ലയിൽ ഭൂമി വിൽപ്പനയുടെ പേരിൽ സംഘടിതമായി വൻതട്ടിപ്പ് നടന്നുവെന്ന പരാതിയുമായി എറണാകുളം സ്വദേശി രംഗത്ത്. ഇടുക്കി കരുണാപുരത്ത് സ്ഥിതിചെയ്യുന്ന ഭൂമിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് അഡ്വാൻസ് തുകയായി 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
ചെങ്ങന്നൂർ സ്വദേശിയായ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിൽ ജീവനക്കാരും സുഹൃത്തുക്കളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഭൂമി ഇടപാടിൽ വൻലാഭം വാഗ്ദാനം ചെയ്ത സംഘം, രാഷ്ട്രീയ വ്യവസായ ബന്ധങ്ങളുള്ള പ്രമുഖനെന്ന നിലയിൽ പ്രവാസി വ്യവസായിയെ പരിചയപ്പെടുത്തി വിശ്വാസം നേടിയെടുത്തതിന് ശേഷമാണ് തട്ടിപ്പ് ആരംഭിക്കുന്നത്.
ചെങ്ങന്നൂർ സ്വദേശിയായ വ്യവസായി കാറ്റാടിയന്ത്രം സ്ഥാപിക്കുന്നതിനായി ഉയർന്ന വിലയ്ക്ക് സ്ഥലം വാങ്ങുമെന്ന് പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിടുക. ഇതിനായി ഇയാളുടെ അടുത്തേക്ക് ഇടനിലക്കാർ വഴി പാർട്ടികളെ എത്തിക്കുകയും, കൂടിയ വിലയ്ക്ക് ടോക്കൺ തുക നൽകിക്കുകയും ചെയ്യും. ഇത് വിശ്വസിച്ചാണ് ഭൂമിയുടെ യഥാർത്ഥ ഉടമകളുമായി കുറഞ്ഞ വിലയ്ക്ക് വില്പന കരാർ തയ്യാറാക്കി വലിയ തുക അഡ്വാൻസായി നൽകുന്നത്.
എന്നാൽ പിന്നീട് പ്രവാസി വ്യവസായിയുടെ സമീപത്തെത്തി ഭൂമി മറിച്ച് വിൽക്കാൻ ശ്രമിക്കുമ്പോൾ, ഇയാൾ വിവിധ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇടപാടിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവെന്നാണ് പരാതി. ഇത്തരത്തിൽ ലഭിക്കുന്ന അഡ്വാൻസ് തുക വ്യവസായിയും കൂട്ടാളികളും ചേർന്ന് പങ്കിട്ടെടുക്കുന്നതാണ് ഇവരുടെ രീതി.
അത്തരമൊരു ഇടപാടിലൂടെ 12 ലക്ഷം രൂപ നഷ്ടപ്പെട്ടവരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുൻപും സമാനമായ രീതിയിൽ നിരവധി പേരിൽ നിന്ന് പണം കബളിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി കേന്ദ്രീകരിച്ചാണ് സംഘം താമസിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്യുന്നതെന്ന് പറയുന്നു.
സംഘടിതമായ വൻതട്ടിപ്പ് റാക്കറ്റിന്റെ ഇരകളാണ് തങ്ങളെന്ന് ആരോപിച്ച് പരാതിക്കാർ നിയമനടപടികൾക്ക് ഒരുങ്ങു ന്നത്.
















