മഹാരാഷ്ട്രയിൽ സുകുമാരക്കുറുപ് രീതിയിൽ കൊലപാതകം. ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി മറ്റൊരാളെ കൊലപ്പെടുത്തി താൻ മരിച്ചു എന്ന തെറ്റിധരിപ്പിച്ചു പണം തട്ടാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. സംഭവത്തിൽ ലാത്തൂർ സ്വദേശി ഗണേഷ് ചവാനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. താൻ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീർക്കാൻ ഗോവിന്ദ് യാദവ് എന്ന ഹിച്ച്ഹൈക്കറിനെയാണ് ഗണേഷ് ചവാൻ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയത്.
ശനിയാഴ്ചയായിരുന്നു സംഭവം. വീട് പണിയാനായി എടുത്ത ലോൺ തിരിച്ചടക്കാൻ പറ്റാതായപ്പോഴാണ് ഗണേഷ് ചവാൻ ഈ ക്രൂരകൃത്യം നടത്തിയത്. ഇതിനായി ഗണേഷ് ആദ്യം ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തു. ഇതിന് ശേഷം ഈ തുക കിട്ടാനായി താനാണ് മരിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു മറ്റൊരാളെ കൊലപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ ഔസയിൽ വച്ച് റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗോവിന്ദ് യാദവ് എന്ന ഹിച്ച്ഹൈക്കർക്ക് ഗണേഷ് ലിഫ്റ്റ് നൽകാമെന്ന് പറഞു വണ്ടിയിൽ കയറ്റി. ശേഷം ഇയാൾക്ക് നിർബന്ധപൂർവം മദ്ധ്യം നൽകുകയും അബോധാവസ്ഥയിലാക്കുകയും ചെയ്തു. ശേഷം പോലീസിനെയും വീട്ടുകാരെയും തെറ്റിധരിപ്പിക്കാനായി തന്റെ കയ്യിൽ കിടന്ന ബ്രേസ്‌ലെറ്റ് ഗോവിന്ദന് ഇട്ട് നൽകുകയും തുടർന്ന് ഡ്രൈവർ സീറ്റിൽ ഇരുത്തുകയും വാഹനം തീകൊളുത്തുകയുമായിരുന്നു.
പിന്നീട് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഗണേഷിന്റെ ഭാര്യ ഗണേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്നത്. തുടർന്ന് ആ സ്ത്രീയെ നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്തപ്പോൾ ഈ സ്ത്രീയുമായി ഗണേഷ് മറ്റൊരു നമ്പറിൽ നിന്ന് ചാറ്റ് ചെയ്യുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഇതോടെയാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ ഗണേഷ് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ സിന്ധുദുർഗിൽ വച്ച് ഗണേഷിനെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ഗണേഷിനെതിരെ പൊലീസ് കൊലപാതക കേസ് റജിസ്റ്റർ ചെയ്തു. കൃത്യത്തിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
















