ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ? നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്? മാധ്യമങ്ങൾ സംഭവം വളച്ചൊടിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വേറെ ഒരു പണിയുമില്ല. മാധ്യമങ്ങളുമായി ചേർന്ന നുണപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ല. അത് യാദൃച്ഛികമായി സംഭവിച്ചതാണ്. മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി സാറോ സുകുമാരൻ നായർ സാറോ ഏതെങ്കിലും ബിഷപ്പോ കയറിയാൽ എന്താണ് പ്രശ്നം? ഒരു മതനേതാവ് മുഖ്യമന്ത്രിയുടെ കാറിൽ കയറി എന്ന രീതിയിലാണ് പ്രചാരണം. മതനേതാവ് മുഖ്യമന്ത്രിയുടെ കാറിൽ കയറിയാൽ എന്താണ് പ്രശ്നം? ഏതാനും മീറ്ററുകൾക്ക് അപ്പുറത്ത് നിന്നാണ് വെള്ളാപ്പള്ളി കാറിൽ കയറിയത്. തങ്ങളെല്ലാം നടന്നാണ് വേദിയിലേക്ക് പോയതെന്നും സജി ചെറിയാൻ പറഞ്ഞു.
















