സാമൂഹിക പ്രസക്തിയുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന താരമാണ് അവതാരികയും നടിയുമായ മീനാക്ഷി അനൂപ്. മീനാക്ഷിയുടെ കുറിപ്പുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റ് കൂടി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് താരം. പതിവ് ശൈലിയില്‍ ഒരു ചോദ്യവും അതിന് തന്റേതായ ഉത്തരവും എന്ന രീതിയിലാണ് ഈ പോസ്റ്റും മീനാക്ഷി പങ്കുവെച്ചത്.
‘ഭാവിയില്‍ മതത്തിന്റെ പ്രസക്തി നഷ്ടപ്പെടാനിടയുണ്ടോ’ എന്ന ചോദ്യത്തിനാണ് താരം പോസ്റ്റിലൂടെ ഉത്തരം നല്‍കിയത്. ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന് ഒറ്റവാക്കിലല്ല മീനാക്ഷി ചോദ്യത്തെ സമീപിച്ചത്.
മനുഷ്യകുലം മൊത്തമായി അന്യഗ്രഹജീവികളുടെ ആക്രമണമോ അല്ലെങ്കില്‍ കോവിഡ്-19 പോലുള്ള ഏതെങ്കിലും പകര്‍ച്ചവ്യാധിയോ നേരിടുമ്പോള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്നാണ് മീനാക്ഷി പറയുന്നത്. മതം, ജാതി, സമുദായം എന്നിവ മാത്രമല്ല, യൂറോപ്യന്മാര്‍, ഏഷ്യക്കാര്‍, ആഫ്രിക്കക്കാര്‍ തുടങ്ങി എല്ലാത്തരം വേര്‍തിരിവുകളും അപ്പോള്‍ ഇല്ലാതാകും. എന്നാല്‍ ഭീഷണികളെല്ലാം അവസാനിച്ചാല്‍ എല്ലാ വേര്‍തിരിവുകളും പൂര്‍വാധികം ശക്തമായി തിരിച്ചുവരുന്ന അത്ഭുതവും കാണാന്‍ കഴിയുമെന്നും മീനാക്ഷി പറഞ്ഞുവെക്കുന്നു.
നിരവധി പേരാണ് മീനാക്ഷിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതും കമന്റുകളിലൂടെ പ്രതികരിച്ചതും. ഭൂരിഭാഗം പേരും മീനാക്ഷിയുടെ അഭിപ്രായത്തെ അനുകൂലിച്ചാണ് കമന്റുകളിട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകം നേരിട്ട കോവിഡ് മഹാമാരിയുടെ കാലത്തെ പലരും കമന്റ് ബോക്‌സില്‍ ഓര്‍മിപ്പിച്ചു. ‘പാലം കടക്കുവോളം നാരായണ, പാലം കടന്നുകഴിഞ്ഞാല്‍ കൂരായണ’ എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്. പതിവ് പോലെ സാധ്യമായ എല്ലാ കമന്റുകള്‍ക്കും മീനാക്ഷി മറുപടി നല്‍കുന്നുണ്ട്.
മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചോദ്യം: ഭാവിയില്‍ മതത്തിന്റെ പ്രസക്തി നഷ്ടപ്പെടാനിടയുണ്ടോ?
ഉത്തരം: എന്റെ ചിന്തയില്‍, ചെറിയ അറിവില്‍, മനുഷ്യകുലത്തിന് മൊത്തമായി ഏതെങ്കിലും തരത്തിലുള്ള അപകടഘട്ടങ്ങളുണ്ടായാല്‍, ഉദാഹരണമായി വല്ല ഏലിയന്‍സ് (സങ്കല്‍പം) ആക്രമണങ്ങളോ… മറ്റ് പാന്‍ഡമിക് അസുഖങ്ങളോ (നടക്കാനിടയുള്ള.. കൊറോണ പോലെയുള്ള) ഒക്കെ സംഭവിച്ചാല്‍, ആ സമയം മതത്തിന്റെയോ ജാതിയുടേയോ സമുദായത്തിന്റെയോ എന്നല്ല, യൂറോപ്യന്മാര്‍ ഏഷ്യാക്കാര്‍ ആഫ്രിക്കക്കാര്‍ തുടങ്ങി എല്ലാത്തിരിവുകളും ഒഴിവായി മനുഷ്യരൊന്നായി നില്‍ക്കുന്നത് കാണാം. എന്നാല്‍ ഭീഷണികള്‍ അവസാനിച്ചാല്‍ എല്ലാത്തിരിവുകളും പൂര്‍വാധികം ശക്തിയായിത്തിരിച്ചു വരുന്ന അത്ഭുതവുമുണ്ട്.
















