സര്‍ക്കാര്‍ അതിജീവിതക്കൊപ്പം അടിയുറച്ച് നില്‍ക്കുന്ന നിലപാട് ശക്തമായി തുടരുമ്പോള്‍ ‘KSRTC അതിജീവിതക്കൊപ്പം’ തന്നെ നില്‍ക്കും. ഇതില്‍ വിട്ടു വീഴ്ചയില്ല. ഗതാഗതമന്ത്രി സിനിമാ നടന്‍ കൂടി ആയതുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നുണ്ടോ എന്നൊരു സംശയത്തിനു പോലും ഇടയുണ്ടാകരുത്. KSRTC ജീവനക്കാര്‍ വിവേചന ബുദ്ധിയോടെ ഇടപെടണം. ബസുകളില്‍ ദിലീപ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും KSRTC മാനേജ്‌മെന്റ് എല്ലാ ഡിപ്പോകള്‍ക്കും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം KSRTC ബസില്‍ ദിലീപിന്റെ സിനിമയായ ‘ഈ പറക്കും തളിക’ എന്ന സിനിമ ഇട്ടതിനെതിരേ ഒരു യാത്രക്കാരി പ്രശ്‌നമുണ്ടാക്കിയിരുന്നു.
തുടര്‍ന്ന് മറ്റു യാത്രക്കാരും പരസ്പരം വാക്കു തര്‍ക്കമുണ്ടായി. കണ്ടക്ടര്‍ സിനിമ ഓഫ് ചെയ്‌തെങ്കിലും, തര്‍ക്കം തുര്‍ന്നു. ഒടുവില്‍ യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ ഈ പ്രശ്‌നം ലൈവിടുകയും ചെയ്തു. ഇതോടെ വിഷയം വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു. യാത്രക്കാരിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രശ്‌നം ഏറ്റെടുത്തു. എന്നാല്‍, ഇതിനിടയില്‍ KSRTCക്കുണ്ടാകാന്‍ സാധ്യതയുള്ള വലിയൊരു പ്രശ്‌നമാണ് മാനേജ്‌മെന്റും ജീവനക്കാരും ചിന്തിച്ചത്. അതിന് രണ്ടു കാരണങ്ങളുമുണ്ട്. ഒന്ന്, ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ സിനിമാ നടന്‍ എന്നതു കൊണ്ടുതന്നെ. KSRTC ബസില്‍ ദിലീപിന്റെ സിനിമ ഇട്ടാല്‍ യാത്രക്കാര്‍ ചിന്തിക്കുക, മന്ത്രി ദിലീപിന്റെ കൂടെ നില്‍ക്കുന്നതു കൊണ്ട്, നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാനുള്ള തന്ത്രമൊരുക്കുന്നതാണെന്നായിരിക്കും.
രണ്ട്, അതിജീവിതക്കൊപ്പം നില്‍ക്കുന്ന കേരളത്തിലെ ഭൂരിഭാഗം സ്ത്രീ യാത്രക്കാര്‍ KSRTCയെ ബഹിഷ്‌ക്കരിച്ചാല്‍ അത് വന്‍ തിരിച്ചടിയായിരിക്കും. 10 കോടി എന്ന ചരിത്ര ടിക്കറ്റ് കളക്ഷനില്‍ എത്തി നില്‍ക്കുന്ന KSRTCക്ക് ഇനിയൊരു തിരിച്ചടി താങ്ങാനാവുന്നതല്ല. അതുകൊണ്ട് നിലവിലുള്ള സാമൂഹ്യ സാഹചര്യവും സര്‍ക്കാര്‍ നിലപാടും അനുസരിച്ചു വേണം KSRTC ജീവനക്കാര്‍ പെരുമാറാന്‍. വിവേചന ബുദ്ധിയുണ്ടാകണം. ഇനി മുതല്‍ KSRTC ബസുകളില്‍ ദിലീപിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് എല്ലാ ഡിപ്പോകള്‍ക്കും മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്.
ഗതാഗതമന്ത്രിയെ തെറ്റിദ്ധരിക്കാനുള്ള സാധ്യത പോലും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകരുത്. സര്‍ക്കാര്‍ നിലപാട് തന്നെയാണ് വകുപ്പുമന്ത്രിക്കും ഉള്ളത്. ഈ സാഹചര്യത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന യാതൊരു വിധ നടപടികളും KSRTC ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകാന്‍ പാടില്ല. എല്ലാം വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യണം. കൂടുതല്‍ യാത്രക്കാരെ എങ്ങനെ KSRTCയിലേക്ക് എത്തിക്കാമെന്നാകണം ചിന്തിക്കേണ്ടതെന്നും KSRTC നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാദമുണ്ടാക്കുന്നതോ, പ്രശ്‌നമുണ്ടാക്കുന്നതോ, KSRTCക്ക് ചീത്തപ്പേരുണ്ടാക്കുന്നതോ ആയ ഒരു നടപടിക്കും ജീവനക്കാര്‍ മുതിരേണ്ടതില്ല.
- അതിജീവിതയുടെ സിനിമയ്ക്ക് വിലക്കുണ്ടോ ?
- അതിജീവിതയും ദിലീപും അഭിനയിച്ച സിനിമ ഇടുമോ ?
എന്തായാലും ദീര്‍ഘദൂര ബസുകളില്‍ യാത്രക്കാര്‍ക്ക് മുഷിച്ചിലുണ്ടാകാതിരിക്കാന്‍ സിനിമ ഇടേണ്ടത് അത്യാവശ്യമാണ്. മലയാളത്തില്‍ എണ്ണിയാലൊടുങ്ങാത്ത സിനിമകളുണ്ടെങ്കിലും ചില സിനിമകള്‍ നേരംപോകുന്നത് അറിയാത്ത സിനിമകളാണ്. പ്രത്യേകിച്ച് ദിലീപിന്റെ സിനിമകള്‍ നര്‍മ്മത്തിനു പ്രാധാന്യം നല്‍കുന്നവയും. അതുകൊണ്ടാണ് ദിലീപ് സിനിമകള്‍ യാത്രകള്‍ക്ക് ഉപയോഗിക്കുന്നതു പോലും. നിലവിലെ സാഹചര്യത്തില്‍ ദിലീപിന്റെ സിനിമ ബസുകളില്‍ നിന്നും ഒഴിവാക്കാന്‍ നിര്‍ദ്ദേശം വന്നിരിക്കുകയാണ്. KSRTCയില്‍ ഇനി ദിലീപിന്റെ സിനിമയുണ്ടാകില്ലെന്നുറപ്പിക്കാം. എന്നാല്‍, അതിജീവിതയുടെ സിനിമകള്‍ക്ക് വിലക്കുണ്ടോ. അത് പ്രദര്‍ശിപ്പിക്കുന്നതിന് കുഴപ്പമില്ലല്ലോ എന്നൊരു സംശയം ജീവനക്കാരിലുണ്ട്.
ദിലീപിന്റെ സിനിമ ഇല്ലെങ്കില്‍ അതിജീവിതയുടെ സിനിമയും വേണ്ടെന്ന് യാത്രക്കാരില്‍ ആരെങ്കിലും പരാതി പറഞ്ഞാല്‍ അതിനെതിരേ എന്തു നിലപാടായിരിക്കും KSRTC ജീവനക്കാര്‍ എടുക്കേണ്ടത്. ഇനി, അതിജീവിതയും ദിലീപും അഭിനയിച്ച സിനിമയ്ക്ക് വിലക്കുണ്ടോ എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. രണ്ടുപേരെയും ഒഴിവാക്കിയെന്നു KSRTCയോ സര്‍ക്കാരോ പറഞ്ഞിട്ടില്ല. അപ്പോള്‍ രണ്ടുപേരും അഭിനയിച്ച സിനിമയ്ക്ക് കുഴപ്പമുണ്ടാകില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്.
- മന്ത്രിയുടെ നിലപാട് മാറ്റം ?
അമ്മ ജനറല്‍ ബോഡി മീറ്റിംഗില്‍ ദിലീപിനു വേണ്ടി ഘോരഘോരം വാദിക്കുകയും ക്ഷുഭിതനാവുകയും ചെയ്ത വ്യക്തി കൂടിയാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. പിന്നീട്, മധ്യമങ്ങള്‍ക്കു മുമ്പില്‍ ദിലീപ് സംസാരിക്കണ്ടെന്നും, പകരം മുകേഷും ഗണേഷുമാണ് സംസാരിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനെല്ലാം മറുപടിയും തര്‍ക്കവും നടത്തിയതും ഇരുവരുമാണ്. അന്ന് ദിലീപ് കണ്ണുംപൂട്ടിയിരുന്ന് എല്ലാം കേള്‍ക്കുക മാത്രമായിരുന്നു. അതിനു ശേഷവും ഗണേഷ്‌കുമാറിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ലായിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ നിലപാടും മന്ത്രിയുടെ നിലപാടും തമ്മില്‍ ചേരാതെ വന്നതോടെയാണ് നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. KSRTCയില്‍ ദിലീപ് സിനിമ വേണ്ടെന്നത് യാത്രക്കാരെ കുറയ്ക്കുമെന്ന ഭയം കൊണ്ടാണ് എന്നതുമാത്രമാണ് കാര്യം.
CONTENT HIGH LIGHTS; ‘KSRTC with a life of survival’: Employees advised to behave with discernment; Dileep movies should not be shown on buses; Will the minister be misunderstood?
















