ഉത്തർപ്രദേശിലെ ഷാംലിയിൽ ബുർഖ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. പ്രതിയായ ഫാറൂഖിനെ പൊലീസ് പിടികൂടി. കുടുംബവഴക്കിനെ തുടർന്ന് ഫാറൂഖിന്റെ ഭാര്യ താഹിറ സ്വന്തം വീട്ടിലേക്കു പോയിരുന്നു.
ഈ സമയത്ത് അവർ ബുർഖ ധരിച്ചിരുന്നില്ലെന്നും ഇതിൽ ഫാറൂഖ് പ്രകോപിതനായെന്നും പൊലീസ് പറഞ്ഞു. താഹിറ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാറൂഖ് ഇതെച്ചൊല്ലി കലഹമുണ്ടാക്കിയെന്നും തുടർന്ന് കൂട്ടക്കൊലപാതകം നടത്തുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഭാര്യ താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവച്ച് കൊന്നതായും ഇളയ മകൾ സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാൾ വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടതായും ഫാറൂഖ് പറഞ്ഞു.
ശുചിമുറി നിർമാണത്തിനായി നേരത്തേ തയാറാക്കിയിരുന്ന കുഴിയിലാണ് മൃതദേഹങ്ങൾ മറവു ചെയ്തത്. ഇവിടെ നിന്നും പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു.
താഹിറയെയും മക്കളായ ആഫ്രീനെയും സെഹ്‌റിനെയും കാണാനില്ലെന്ന് കാണിച്ച് ഫറൂഖിന്റെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഇയാൾ പറഞ്ഞതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. ഫാറൂഖിനെ സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
















