നമ്മൾ ജനിക്കുമ്പോൾ ജനന സർട്ടിഫിക്കറ്റും മരിക്കുമ്പോൾ മരണ സർട്ടിഫിക്കറ്റും ലഭിക്കാറുണ്ട്. അത് ലോകമെമ്പാടുമുള്ള ഒരു പൊതുനിയമമാണ്. എന്നാൽ, നിങ്ങൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾക്ക് മരണ സർട്ടിഫിക്കറ്റ് കിട്ടിയാലോ? താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനായി ഓരോ സർക്കാർ ഓഫീസുകളും കയറിയിറങ്ങേണ്ട അവസ്ഥ വന്നാലോ? അവസാനം, താൻ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ നിങ്ങൾക്ക് കുറ്റവാളിയാകേണ്ടി വന്നാലോ?
കേൾക്കുമ്പോൾ പലർക്കും ഇത് അതിശയോക്തിയായി തോന്നാം, “ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ” എന്ന് സംശയിക്കാം. പക്ഷേ, നിങ്ങൾ സംശയിക്കേണ്ട. ഇത് നടന്നത് നമ്മളുടെ ഇന്ത്യയിലെ, രാജസ്ഥാനിൽ മിതോറ ഗ്രാമത്തിലാണ്.
കൂടുതൽ ഞെട്ടിക്കുന്നതെന്തെന്നാൽ, ഇത് പണ്ട് എപ്പോഴോ നടന്ന സംഭവമല്ല എന്നുള്ളതാണ്. വെറും ഒരു വർഷം മുമ്പ്, അതായത് 2024-ലാണ് ഈ സംഭവം അരങ്ങേറിയത്. ലോകം ഇത്രയും പുരോഗമിച്ചിട്ടും, സ്വന്തം പൗരൻ്റെ നിലനിൽപ്പ് തെളിയിക്കാൻ ഇവിടെ നിയമം വഴിമുടക്കി നിൽക്കുന്നു എന്നറിയുന്നത് വലിയൊരു ഞെട്ടൽ തന്നെയാണ്!
ഒരാളുടെ ഭൂസ്വത്തുക്കൾ തട്ടിയെടുക്കാൻ കുറ്റവാളികൾ സ്വീകരിക്കുന്ന വഴികൾ പലതാണ്; കള്ളരേഖകൾ, വ്യാജ ഒപ്പുകൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുതന്ത്രങ്ങളായിരിക്കും. എന്നാൽ ഇവിടുത്തെ കഥ തികച്ചും വ്യത്യസ്തമാണ്: സ്വത്തുക്കൾ തട്ടിയെടുക്കാനായി ബന്ധുക്കൾ ജീവിച്ചിരിക്കുന്ന ഒരാളുടെ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നു.
അവസാനം, താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ഒരാൾ സ്വയം കുറ്റവാളിയായി മാറിയ കഥ? രാജസ്ഥാനിലെ മിതോറ ഗ്രാമത്തിൽ നിന്നുള്ള 40 വയസ്സുകാരനായ ബാബുറാം ഭിൽ എന്ന കർഷകൻ്റെ അസാധാരണമായ കഥയാണിത്.
വളരെ സാധാരണക്കാരനായ ഒരു കർഷകനായിരുന്നു ബാബുറാം ഭിൽ. കഠിനാധ്വാനത്തിലൂടെ അദ്ദേഹം മിതോറ ഗ്രാമത്തിൽ നല്ലൊരു വീടും കൃഷിസ്ഥലവും സമ്പാദിച്ചു. അവിവാഹിതനായ അദ്ദേഹത്തിന് സ്വന്തം എന്ന് പറയാൻ ഈ സ്വത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്വാഭാവികമായും, അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ ചിലർക്ക് കണ്ണുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ചില ബന്ധുക്കൾ കുടുംബശത്രുക്കളുമായി ചേർന്ന് ഒരു ഗൂഢാലോചനയ്ക്ക് തുടക്കം കുറിച്ചു.
അവർ കണ്ടെത്തിയ വഴി ആരെയും ഞെട്ടിക്കുന്നതായിരുന്നു. 2024-ൽ, ബാബുറാം മരിച്ചതായി അവർ വ്യാജ രേഖകൾ ഉണ്ടാക്കി. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വില്ലേജ് ഓഫീസിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യിപ്പിച്ചു! അതോടെ സർക്കാർ രേഖകളിൽ ബാബുറാം ഭിൽ എന്ന വ്യക്തി ‘ജീവിച്ചിരിപ്പില്ല’ എന്ന് സ്ഥിരീകരിക്കപ്പെട്ടു. പിന്നാലെ, അനന്തരാവകാശ നിയമപ്രകാരം സ്വത്തുക്കൾ ബന്ധുക്കൾക്ക് വീതിച്ചെടുക്കാൻ അവസരമൊരുജി .
താൻ ജീവനോടെയുണ്ടെങ്കിലും, തൻ്റെ ജീവിതസമ്പാദ്യങ്ങളെല്ലാം നിയമപരമായി കൈവിട്ടുപോകുമെന്ന് ബാബുറാം ഭയന്നു. താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനായി അദ്ദേഹം പല വാതിലുകളിലും മുട്ടി. പോലീസ് സ്റ്റേഷനുകൾ, കോടതികൾ, സർക്കാർ ഓഫീസുകൾ… അദ്ദേഹം കയറിയിറങ്ങാത്ത ഇടങ്ങളില്ല.
പക്ഷേ, അദ്ദേഹത്തിന്റെ ശത്രുക്കൾ സ്വാധീനമുള്ളവരായിരുന്നു. അവർ ഉന്നത ഉദ്യോഗസ്ഥരെയും അധികാര കേന്ദ്രങ്ങളെയും വശത്താക്കിയിരുന്നു. ഗ്രാമത്തിലെ മുതിർന്നവരോടും സംസ്ഥാന അധികാരികളോടും പരാതി നൽകി തെറ്റ് തിരുത്താൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. രേഖകളിലെ മരണത്തെ തിരുത്താൻ ആരും തയ്യാറായില്ല. നിയമം ബാബുറാമിന് നേരെ കണ്ണടച്ചു.
മാസങ്ങളോളം നീണ്ട ശ്രമങ്ങളെല്ലാം പാഴായതോടെ ബാബുറാം നിരാശയുടെയും നിസ്സഹായതയുടെയും അവസ്ഥയിലായി. തൻ്റെ സ്വത്തുക്കളും അവകാശങ്ങളും നഷ്ടപ്പെടുന്നത് നോക്കി ഇരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യൻ, താൻ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ നിയമപരമായി ഒരു പഴുതും കാണാതെ വന്നപ്പോൾ, അദ്ദേഹം ഒരു അസാധാരണമായ തീരുമാനമെടുത്തു.
താൻ ജീവിച്ചിരിപ്പുണ്ടെന്ന് നിയമവ്യവസ്ഥയെക്കൊണ്ട് അംഗീകരിപ്പിക്കാൻ, ബാബുറാം തിരഞ്ഞെടുത്ത വഴി ആരും പ്രതീക്ഷിക്കാത്തതായിരുന്നു: കുറ്റകൃത്യങ്ങൾ ചെയ്ത് അറസ്റ്റ് വരിക്കുക!
ആദ്യം വഴിയേ പോകുന്നവരുമായി വഴക്കുണ്ടാക്കിയും ചെറിയ അടിപിടി കേസുകളുണ്ടാക്കിയുമെല്ലാം അദ്ദേഹം നിയമപാലകരെ പ്രകോപിപ്പിച്ചു. പക്ഷേ, അതുകൊണ്ട് ഫലമുണ്ടായില്ല. കാരണം, നിയമപരമായി മരണപ്പെട്ട ഒരാൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് എങ്ങനെ ശിക്ഷ നൽകും? ഒരു മൃതദേഹത്തിനെതിരെ കേസെടുക്കാൻ നിയമത്തിൽ പഴുതില്ല. ബാബുറാമിൻ്റെ ഈ ‘പരാക്രമങ്ങൾ’ നിയമപാലകർ അവഗണിച്ചു.
അധികൃതരെക്കൊണ്ട് താൻ ജീവിച്ചിരിപ്പുണ്ടെന്ന് അംഗീകരിപ്പിക്കാൻ അദ്ദേഹം കണ്ടെത്തിയ അറ്റകൈ പ്രയോഗം അതിലും തീവ്രമായിരുന്നു. 2024 ജൂലൈ 19-ന്, ബാബുറാം ഒരു കത്തിയും പെട്രോൾ കുപ്പിയുമായി അടുത്തുള്ള ചുലി ബേര ധരണ സ്കൂളിലെത്തി. അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സ്കൂളിൽ കയറിയ ഇയാൾ ആക്ടിംഗ് ഹെഡ്മാസ്റ്റർ ഹർദയാൽ, അധ്യാപകൻ സുരേഷ് കുമാർ എന്നിവരടക്കം രണ്ട് അധ്യാപകരെയും ഒരു രക്ഷിതാവിനെയും ഗുരുതരമായി പരിക്കേൽപ്പിച്ചു. നിരവധി വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കി വെച്ച ശേഷമാണ് പോലീസ് എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അങ്ങനെ ബാബുറാം നിയമപരമായി തടവിലായി. എന്നാൽ, ഇവിടെ നിയമം ഒരു ചോദ്യചിഹ്നത്തിന് മുന്നിൽ നിന്നു. ഒരു മൃതദേഹത്തിന് എങ്ങനെ ഒരു ഗുരുതരമായ കുറ്റകൃത്യം ചെയ്യാൻ കഴിയും? ജീവിച്ചിരിപ്പില്ലാത്ത ഒരാളെ എങ്ങനെ വിചാരണ ചെയ്യും? നിയമപരമായി ഈ കുറ്റകൃത്യത്തെ നേരിടാൻ ഒരു വഴിയുമില്ലാതായതോടെ നിയമവ്യവസ്ഥ കുരുക്കിലായി.
ഒടുവിൽ, പോലീസിന് ഒരു തീരുമാനമെടുക്കേണ്ടി വന്നു. അവർ എഫ്.ഐ.ആറിൽ ബാബുറാം ഭിലിൻ്റെ പേര് പ്രതിയായി എഴുതിച്ചേർത്തു. അതോടെ, രേഖകളിൽ ‘മരിച്ചുപോയ’ ബാബുറാം എല്ലാ പൗരാവകാശങ്ങളോടും കൂടി വീണ്ടും ജീവനുള്ള വ്യക്തിയായി മാറി!
തൻ്റെ അറസ്റ്റിന് വേണ്ടി നടത്തിയ ആ സാഹസിക പ്രവർത്തി ലക്ഷ്യം കണ്ടു. നിയമവ്യവസ്ഥ നിർബന്ധിതമായി ബാബുറാമിൻ്റെ മരണ സർട്ടിഫിക്കറ്റ് അസാധുവാക്കി. അദ്ദേഹത്തെ രേഖാമൂലം ‘പുനർജീവിപ്പിച്ചു’. അസാധാരണമായ ഈ പോരാട്ടത്തിനൊടുവിൽ അദ്ദേഹത്തിൻ്റെ സ്വത്തുവകകളും അവകാശങ്ങളുമെല്ലാം അയാൾക്ക് തിരികെ ലഭിച്ചു.
തൻ്റെ അടിസ്ഥാന അവകാശങ്ങൾക്കായി ഒരു സാധാരണ പൗരൻ നടത്തിയ ഈ പോരാട്ടം, നിയമം ചില സമയങ്ങളിൽ എത്രമാത്രം ദുർബലമാകാമെന്നും, “താൻ ജീവനോടെയുണ്ട്” എന്ന് തെളിയിക്കാൻ ഒരു പൗരൻ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ എത്ര വലുതാണെന്നും വിളിച്ചുപറയുന്നു.
















