പ്രണയം, അതൊരു കാലാതീതമായ അനുഭൂതിയാണ്. രണ്ട് വ്യക്തികൾക്കിടയിലെ സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഊഷ്മളമായ ബന്ധം. എന്നാൽ ഇന്ന്, ചിലയിടങ്ങളിൽ ആർദ്രമായ പ്രണയം അതിൻ്റെ ഭാവം മാറി, പകയുടെയും പ്രതികാരത്തിൻ്റെയും ക്രൂരമായ മുഖമായി മാറിയിരിക്കുന്നു. ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നത് ഒരിക്കലും തെറ്റല്ല; പക്ഷേ, നമ്മൾ സ്നേഹിക്കുന്ന വ്യക്തി തിരിച്ചും നമ്മെ സ്നേഹിക്കണമെന്ന് വാശിപിടിക്കുന്നത് തികച്ചും സ്വാർത്ഥതയാണ്.
യഥാർത്ഥ പ്രണയം എന്നത് സ്വന്തമാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. സ്നേഹിക്കുന്ന വ്യക്തിയുടെ സന്തോഷത്തിനായി വിട്ടുകൊടുക്കുന്നതും ഒരുതരം പ്രണയം തന്നെയാണ്. കാരണം, പ്രണയം എന്നത് ഒരാൾക്കും ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങാൻ കഴിയാത്ത ഒരു വികാരമാണ്. അത് എത്ര പണം കൊടുത്താലും അധികാരം ഉപയോഗിച്ചാലും നേടാൻ കഴിയില്ല. നമ്മൾ സ്നേഹിക്കുന്ന വ്യക്തിയോട് നമ്മുടെ ഇഷ്ടം തുറന്നുപറയാം. എന്നാൽ, അവരുടെ മറുപടി ‘നോ’ ആണെങ്കിൽ, പിന്നെ അവരെ ശല്യം ചെയ്യാതിരിക്കാനുള്ള പക്വത കാണിക്കണം.
നിർഭാഗ്യവശാൽ, ഈ കാലഘട്ടത്തിൽ ഒരു പെൺകുട്ടിക്ക് ‘നോ’ എന്ന് പറയാൻ പോലും കഴിയാത്തത്ര ഭയമാണ് പലപ്പോഴും അനുഭവിക്കേണ്ടി വരുന്നത്. ഓരോ മനുഷ്യനും ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിട്ടാണ് ജീവിക്കുന്നത്. അവരുടെ ജീവിതം തട്ടിയെടുക്കാനുള്ള അവകാശം മറ്റാർക്കും തന്നെയില്ല. എന്നിട്ടും, പ്രണയം നിരസിച്ചതിൻ്റെ പേരിൽ ജീവനെടുക്കുന്ന ഹൃദയഭേദകമായ സംഭവങ്ങൾ ഇന്ന് നമുക്ക് സ്ഥിരം വാർത്തകളാണ്.
അത്തരത്തിൽ ഒരു ദുരന്തമായിരുന്നു 2021-ൽ ആസ്സാമിൽ സംഭവിച്ചത്. പഠനം എന്ന ഒരേയൊരു സ്വപ്നവുമായി നടന്ന ആ പെൺകുട്ടിക്ക് പിന്നാലെ ഒരു ദുഷ്ടൻ്റെ ഭ്രാന്തമായ പ്രണയം എത്തുകയും, അവസാനം ആ പ്രണയം നിരസിച്ചതിൻ്റെ പേരിൽ ഒരുപാട് പ്രതീക്ഷകൾ ബാക്കിവെച്ച് അവൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത ദാരുണമായ സംഭവം.
വർഷം 2021. ആസ്സാമിലെ ധേമാജി എന്ന ഗ്രാമത്തിൽ ആയിരുന്നു നന്ദിത എന്ന പെൺകുട്ടി ജീവിച്ചത്. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള അവൾ ബിരുദ പഠനത്തിന്റെ രണ്ടാം വർഷത്തിലായിരുന്നു. പഠനത്തോടുള്ള അടങ്ങാത്ത ആവേശവും ജീവിതത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളും അവളെ ചുറ്റിനിന്നു. അച്ഛൻ ദേവദത്തനും അമ്മയും സഹോദരനും അടങ്ങുന്ന ആ കൊച്ചുകുടുംബം അവളുടെ ലോകമായിരുന്നു.
കോവിഡ് കാലമായതിനാൽ ഹോസ്റ്റലിൽ നിന്ന് മാറി വീട്ടിൽ നിന്നായിരുന്നു അവൾ പരീക്ഷകൾക്കായി കോളേജിൽ പോയിരുന്നത്. വീട്ടിൽ നിന്ന് ഏകദേശം അമ്പത് കിലോമീറ്ററോളം അകലെയുള്ള കോളേജിലേക്കുള്ള യാത്രകൾ അച്ഛൻ്റെ ബൈക്കിലായിരുന്നു. അച്ഛൻ ദേവദത്തൻ അവളോടൊപ്പം അയൽവാസിയും ഉറ്റതോഴിയുമായ കാശ്മിനയെയും ഒപ്പം കൊണ്ടുപോയിരുന്നു. മക്കളെപ്പോലെതന്നെയായിരുന്നു ദേവദത്തന് കാശ്മിനയും.
അങ്ങനെയിരിക്കെയാണ് റിന്റു ശർമ്മ എന്ന മുപ്പതുകാരൻ ആ ക്യാമ്പസിലെ ലൈബ്രേറിയനായി എത്തുന്നത്. നന്ദിതയെ കണ്ട നാൾ മുതൽ അയാളുടെ മനസ്സിൽ ഉടലെടുത്തത് വെറുമൊരു ഇഷ്ടമായിരുന്നില്ല, മറിച്ച് ഭ്രാന്തമായ ഒരാവേശമായിരുന്നു. അയാൾ അവളെ നിഴൽപോലെ പിന്തുടരാൻ തുടങ്ങി, സന്ദേശങ്ങളിലൂടെയും നേരിട്ടും തന്റെ ‘പ്രണയം’ അറിയിച്ചു. എന്നാൽ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നന്ദിത, ആ അഭ്യർത്ഥനകളെല്ലാം തറപ്പിച്ചു നിരസിച്ചു.
ശല്യം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ, അവൾ വീട്ടിലും കോളേജ് അധികൃതരോടും പരാതിപ്പെട്ടു. കോളേജ് മാനേജ്‌മെന്റ് റിന്റുവിനെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും, ആ അപമാനഭാരം അയാളുടെ ഉള്ളിൽ പകയുടെ കനലുകൾ ആളിക്കത്തിച്ചു. “എന്റേതല്ലാത്തവൾ മറ്റാരുടേതുമാകരുത്” എന്ന ക്രൂരമായ ചിന്ത, അയാളുടെ മനസ്സിൻ്റെ സകല വെളിച്ചത്തെയും കെടുത്തിക്കളഞ്ഞു.
ആ ദിവസം, ഒരു പരീക്ഷാ ദിവസമായിരുന്നു. രാവിലെ ഒമ്പത് മണിക്ക് നന്ദിതയും കാശ്മിനയും സന്തോഷത്തോടെ തയ്യാറായി നിന്നു. ഒമ്പതരയോടെ ദേവദത്തൻ അവരെയും കൊണ്ട് കോളേജിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങിയ പരീക്ഷ കഴിഞ്ഞ് മൂന്നരയോടെ അവർ പുറത്തിറങ്ങി. വിശന്നു തളർന്ന അവർ ഭക്ഷണം കഴിക്കാനായി കോളേജിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ റെസ്റ്റോറന്റിലേക്ക് പോയി.
സമയം ഏകദേശം നാലര. സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് നന്ദിതയുടെ ഫോൺ ബെല്ലടിച്ചത്. അമ്മയായിരുന്നു. ഫോൺ കാതിൽ വെച്ച് വിശേഷങ്ങൾ പറയുന്നതിനിടയിൽ, പെട്ടെന്ന് ഒരു ഉച്ചത്തിലുള്ള നിലവിളി അമ്മയുടെ കാതുകളിലേക്ക് പാഞ്ഞെത്തി. “അമ്മേ…” എന്നുള്ള ആ ഒരൊറ്റ ആർത്തനാദം. നിമിഷങ്ങൾക്കകം ഫോൺ കട്ടായി. പേടിച്ചരണ്ട അമ്മ തിരിച്ചുവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. നെഞ്ചുപിടഞ്ഞ അമ്മ കാശ്മിനയുടെ വീട്ടുകാരെയും നന്ദിതയുടെ സഹോദരനെയും വിവരമറിയിച്ചു. സഹോദരൻ ജോലിസ്ഥലത്തു നിന്ന് പാഞ്ഞെത്തി.
പെട്ടന്ന് തന്നെ സഹോദരൻ കോളേജിൽ എത്തി. കോളേജിന് പുറത്ത്, ആളുകൾ കൂടിനിൽക്കുന്നതിന് നടുവിൽ, ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു കാഴ്ചയാണ് അവൻ കണ്ടത്. മഞ്ഞ ഷർട്ടും ചുവന്ന സ്കൂട്ടറുമായി റിന്റു ശർമ്മ എന്ന ക്രൂരൻ അവരെ പിന്തുടർന്നിരുന്നു. റെസ്റ്റോറന്റിന് പുറത്ത്, അച്ഛൻ വണ്ടി എടുക്കാൻ പോയ തക്കം നോക്കി, കയ്യിൽ കരുതിയ മൂർച്ചയേറിയ കത്തികൊണ്ട് അയാൾ നന്ദിതയെ വെട്ടി വീഴ്ത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച ഉറ്റസുഹൃത്ത് കാശ്മിനയ്ക്കും വെട്ടേറ്റു. ഓടിയെത്തിയ അച്ഛൻ ഹെൽമെറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നന്ദിതയുടെ കഴുത്തിലും നെഞ്ചിലും തലയിലും ആഴത്തിൽ മുറിവേറ്റിരുന്നു. അവളെയും കാശ്മിനയെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീവ്രപരിചരണ വിഭാഗത്തിൽ ജീവനുവേണ്ടി അവൾ മല്ലിട്ടു. എന്നാൽ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 25-ന്, അവൾ മരണപെട്ടു.
കൃത്യം നിർവ്വഹിച്ച ശേഷം, ചോരപുരണ്ട വസ്ത്രങ്ങളും കത്തിയുമായി സ്വന്തം വീട്ടിലിരുന്ന റിന്റു ശർമ്മയെ പോലീസ് പിടികൂടി. അയാൾക്ക് ഒട്ടും കുറ്റബോധമുണ്ടായിരുന്നില്ല. പകരം, യാതൊരു കൂസലുമില്ലാതെ അയാൾ പോലീസിനോട് പറഞ്ഞു: “എന്നെ നിരസിച്ച അവൾക്ക് ജീവിക്കാൻ അവകാശമില്ല.” ഒരു പെൺകുട്ടിയുടെ ‘നോ’ എന്ന വാക്കിലെ സ്വാതന്ത്ര്യത്തെയും വ്യക്തിപരമായ തീരുമാനത്തെയും മാനിക്കാൻ കഴിയാത്ത ഒരുവന്റെ ക്രൂരതയിൽ, ഒരു കുടുംബത്തിന്റെ സന്തോഷമാണ് നഷ്ടമായത്.
















