ഈ ലോകത്ത് സൗഹൃദങ്ങളില്ലാത്തവർ ആരുമുണ്ടാകില്ല. കാരണം, നമ്മുടെ ജീവിതത്തിൽ പ്രണയബന്ധങ്ങൾക്കപ്പുറം, എല്ലാ പ്രതിസന്ധികളിലും തളരാതെ ഒപ്പം നിൽക്കുന്ന, ഒരു വാക്ക് പോലും പറയാതെ നമ്മുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന ഒരൊറ്റ വ്യക്തിയാണ് സൗഹൃദം എന്ന വാക്ക് കൊണ്ട് നമ്മൾ അർത്ഥമാക്കുന്നത്. പലപ്പോഴും പ്രണയത്തെക്കാൾ മനോഹരവും ആഴമേറിയതുമായി സൗഹൃദത്തെ കാണുന്നതും അതുകൊണ്ടാണ്.
എന്നാൽ, ആഴത്തിലുള്ള ആ സൗഹൃദബന്ധങ്ങൾക്കിടയിലേക്ക് പണത്തോടുള്ള ആർത്തി ഒരു വിഷം പോലെ കടന്നു വന്നാലോ? ഹൃദയം കൊണ്ട് വിശ്വസിച്ച ഒരു സുഹൃത്ത്, പണത്തിനു വേണ്ടി നിങ്ങളുടെ ജീവനെടുക്കാൻ ശ്രമിച്ചാലോ? സൗഹൃദത്തിൻ്റെ എല്ലാ മൂല്യങ്ങളെയും തകർത്തെറിയുന്ന, വിശ്വാസത്തെ കൊന്നുകളയുന്ന അത്തരമൊരു ഭീകരമായ സംഭവം 2017-ൽ മധ്യപ്രദേശിലെ ഗുണയിൽ അരങ്ങേറിയത്.
ബൈക്ക് വാങ്ങാൻ കൈയിലുണ്ടായിരുന്ന തുച്ഛമായ പണം സ്വന്തമാക്കാൻ വേണ്ടി, കൂടെ നടന്ന സുഹൃത്തുക്കൾ തന്നെ കൂട്ടുകാരൻ്റെ ജീവനെടുത്തു. സൗഹൃദം എന്ന വാക്കിനു മേൽ കരിനിഴൽ വീഴ്ത്തിയ, മനുഷ്യൻ്റെ അത്യാഗ്രഹത്തിൻ്റെയും ചതിയുടെയും ഞെട്ടിക്കുന്ന സംഭവം.
2017 മെയ് 17. മധ്യപ്രദേശിലെ ഗുണയിൽ, പതിനേഴുകാരനായ ഹേമന്തിനെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കൾ നെഞ്ചുതകർന്നാണ് പോലീസ് സ്റ്റേഷനിലെത്തിയത്. ബൈക്ക് വാങ്ങാനായി 45,000 രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ ഹേമന്ത് പിന്നീട് തിരിച്ചെത്തിയില്ല. പിന്നാലെ, അവൻ്റെ ഉറ്റ സുഹൃത്തായ ഹൃത്വിക്കിനെയും കാണാതായി.
ഹേമന്ത്, ഹൃത്വിക്, ലോഗേഷ്, സാംസൺ, ഹണി ദുബെ എന്നിവരടങ്ങുന്ന ഒരു സൗഹൃദ സംഘമായിരുന്നു. എന്നാൽ സ്കൂളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു; ഇവർ ക്ലാസ്സിൽ വരാതെ മദ്യപാനവും കറക്കവുമായി നടക്കുന്നവരായിരുന്നു. അന്വേഷണം വഴിമാറുന്നതിനിടെ, ബൈക്ക് വാങ്ങാൻ പോയ കാര്യം ഹണി ദുബെ ആദ്യം സമ്മതിച്ചെങ്കിലും താൻ തിരിച്ചുപോന്നെന്നും അവർ എങ്ങോട്ടോ പോയെന്നും അത് തനിക് അറിയില്ലെന്നും പോലീസിനോട് കള്ളം പറഞ്ഞു.
അങ്ങനെ ഹേമന്തിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദിവസങ്ങൾ കടന്നുപോയി. അന്വേഷണ സംഘത്തിന് പുതിയൊരു തെളിവ് കിട്ടി. കാണാതായ ഹേമന്ത് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് 25,000 രൂപയുടെ സ്വർണ്ണക്കമ്മൽ വാങ്ങിയെന്ന സ്വർണ്ണക്കടക്കാരൻ്റെ മൊഴിയുണ്ടായി. അത് തന്റെ കാമുകിക്ക് കൊടുക്കാനാണെന്നും അവൻ പറഞ്ഞന്നും. എന്നാൽ മാതാപിതാക്കൾ ഇത് നിഷേധിച്ചു. മകൻ അങ്ങനെ ഒരു കാമുകി ഇല്ലെന്ന് അവർ തറപ്പിച്ചു പറഞ്ഞു. അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നുപോയി
പെട്ടെന്നൊരു ദിവസം ഹേമന്തിൻ്റെ അച്ഛന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മോചനദ്രവ്യത്തിനായുള്ള ഫോൺകോൾ വന്നു. “നിങ്ങളുടെ മകൻ ഞങ്ങളുടെ കൈയിൽ ഉണ്ടെന്നും വിട്ടയക്കണമെകിൽ 50 ലക്ഷം തരണമെന്നും പോലീസിനെ അറിയിച്ചാൽ കൊന്നുകളയുമെന്നും പറഞ്ഞു. എന്നാൽ ഹേമന്തിന്റെ അച്ഛൻ പോലീസിനെ അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ കോൾ വന്ന വനപ്രദേശത്തുനിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള മനുഷ്യ അസ്ഥികൾ കണ്ടെത്തുകയും ചെയ്തു.
ഡിഎൻഎ പരിശോധനയിൽ അവ ഹേമന്തിൻ്റെയും ഹൃത്വിക്കിൻ്റെയും ആണെന്ന് തെളിഞ്ഞു. ഇതിനിടെ, മൂന്നാമത്തെ സുഹൃത്തായ ലോഗേഷിനെയും കാണാതാവുകയും പിന്നീട് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
അഞ്ച് സുഹൃത്തുക്കളിൽ മൂന്നുപേർ ക്രൂരമായി കൊല്ലപ്പെട്ടതോടെ, ഭയന്ന സാംസൺ ഒളിവിൽ പോയി. ലോഡ്ജ് മുറിയിൽ വെച്ച് പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രക്തം മരവിപ്പിക്കുന്ന ചതിയുടെ കഥ പുറത്തുവരുന്നത്. ഹേമന്തിൻ്റെ കൈവശമുണ്ടായിരുന്ന 45,000 രൂപയായിരുന്നു കൂട്ടുകാരിൽ ഒരാളായ ഹണി ദുബെയുടെ ലക്ഷ്യം. ബൈക്ക് വാങ്ങാനെന്ന വ്യാജേന കൊണ്ടുപോയ ഹണി ദുബെ, പണം കൈക്കലാക്കാൻ ബിയർ കുപ്പി കൊണ്ട് ഹേമന്തിൻ്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ഈ കൊലപാതകത്തിന് സാക്ഷിയായ ഹൃത്വിക്കിനെയും അവർ അവിടെവെച്ച് തന്നെ വകവരുത്തി. രഹസ്യം അറിയാമായിരുന്ന ലോഗേഷിനെയും പിന്നീട് ഇവർ ഇല്ലാതാക്കുകയായിരുന്നു. എന്നാൽ, കഥയിലെ ഏറ്റവും വലിയ ഞെട്ടൽ, ഈ കൊടുംക്രൂരതകൾക്ക് ഹണി ദുബെയ്ക്ക് കൂട്ടുനിന്നത് മറ്റാരുമല്ല, അവൻ്റെ സ്വന്തം അമ്മ ആയിരുന്നു എന്നതാണ്. തെളിവുകൾ നശിപ്പിക്കാനും മൃതദേഹങ്ങൾ കത്തിച്ചുകളയാനും ആ അമ്മ മകന് ധൈര്യം പകർന്നു. ഹേമന്ത് വാങ്ങിയ സ്വർണ്ണക്കമ്മൽ കണ്ടെടുത്തതും ഈ അമ്മയുടെ കൈവശം നിന്നായിരുന്നു.
പണത്തോടുള്ള ആർത്തി മൂന്ന് കൗമാര ജീവനുകൾ കവർന്നെടുത്തു. ഒടുവിൽ ഹണി ദുബെ, കൂട്ടുപ്രതി സാംസൺ, കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മ – മൂവരും അറസ്റ്റിലായി. 2022-ൽ കോടതി വിധി വന്നു. ഹണി ദുബെയ്ക്കും അമ്മയ്ക്കും ഇരട്ട ജീവപര്യന്തവും സാംസണിന് അഞ്ച് വർഷം കഠിനതടവും ലഭിച്ചു.
ബൈക്ക് മോഹിച്ച് പണവുമായി ഇറങ്ങിയ ഹേമന്ത്, സുഹൃത്തിന് കൂട്ടുപോയ ഹൃത്വിക്, സത്യം അറിഞ്ഞുപോയ ലോഗേഷ്… മൂന്ന് കൗമാരങ്ങൾ ചതിയുടെ കുഴിയിൽ വീണ് ഇല്ലാതായി. പണത്തിനു വേണ്ടി സ്വന്തം മകനെ കൊലയാളിയാക്കാൻ കൂട്ടുനിന്ന ഒരു അമ്മയുടെ ക്രൂരതയും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.
















