ക്രൈം ത്രില്ലറായ ‘ദൃശ്യം 3’ ഹിന്ദിയുടെ റിലീസ് തിയതി പുറത്തുവിട്ട് ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ. ‘അവസാന ഭാഗം ബാക്കിയുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെ റിലീസ് തിയതി വെളിപ്പെടുത്തുന്ന ടീസർ നടൻ പങ്കുവച്ചത്. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിൽ എത്തും.
അഭിഷേക് പഥക് ആണ് സംവിധാനം. അലോക് ജെയ്നും അജിത് അന്ദാരയും ചേർന്നാണ് നിർമാണം. തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പനോരമ സ്റ്റുഡിയോസ് ആണ് നിർമാണം. ‘ദൃശ്യ’ത്തിന്റെ ആദ്യരണ്ടുഭാഗങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്‌റ്റുഡിയോസ്.
അതേസമയം മോഹൻലാൽ നായകനായി ആശീർവാദ് സിനിമാസ് നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’യുടെ റിലീസ് തിയതി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ലോകമെമ്പാടുമുള്ള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ്സ് ഡീൽ കൂടിയാണിത്. എന്നിരുന്നാൽ തന്നെയും നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്.
സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങൾക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഫെബ്രുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും. മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആശീർവാസ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.
















