തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ മുക്തനായിട്ടില്ലെന്ന് ബോളിവുഡ് നടൻ ടൈഗർ ഷ്റോഫ്. തനിക്ക് ആരോടും യാതൊരുവിധ ശത്രുതയും ഉണ്ടായിരുന്നില്ലെന്നും നടൻ പ്രതികരിച്ചു.
“ആ സംഭവത്തിന്റെ ഭയങ്കര ഞെട്ടലിലാണ് ഞാനിപ്പോഴും. ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യമുള്ളത്? എന്തിനാണവർ അത് ചെയ്തത്? എനിക്ക് ആരോടും ശത്രുതയില്ല,” എന്ന് നടൻ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ എത്തിയപ്പോഴാണ് ഭയാനകമായ ആ അനുഭവത്തെക്കുറിച്ച് നടൻ തുറന്നുപറഞ്ഞത്.
ഒക്ടോബർ 18-ന് വൈകുന്നേരം മുംബൈയിലെ ജൂഹുവിൽ വച്ചാണ് ബൈക്കിലെത്തിയ അക്രമികൾ ടൈഗർ ഷ്റോഫിന്റെ ബി.എം.ഡബ്ല്യു കാറിന് നേരെ അഞ്ചോ ആറോ റൗണ്ട് വെടിയുതിർത്തത്.
ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. കാറിന്റെ മുൻവശത്തെ പാസഞ്ചർ സീറ്റിലായിരുന്ന നടൻ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ആക്രമണത്തിൽ നടന്റെ ഡ്രൈവർ ഫിർദൗസ് ബലോച്ചിനും വ്ലോഗർ ഉമേഷ് ചൗഹാനും പരിക്കേറ്റു.
സംഭവത്തിൽ അക്രമികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടയിൽ പുറത്തുവന്ന പ്രതികളുടെ മൊഴിയാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. നാല് വർഷം മുൻപ് സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതിനാണ് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടതെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.















