ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ഉത്സവകാലത്ത് വിപണിയിൽ ഫലപ്രദമായ സർക്കാർ ഇടപെടൽ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾ ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ആരംഭിച്ചു.
ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ ഈ ഫെയറുകൾ സഹായിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്തെ പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ അറിയിച്ചു. ഫെയറുകൾ ഡിസംബർ 31 വരെ തുടരും.

ഫെയറുകളിൽ 280-ൽ അധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാണ്. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിൽ ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.
സബ്‌സിഡി നിരക്കിലുള്ള വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി നിശ്ചയിച്ചു, ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
കൂടാതെ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയ സബ്‌സിഡി ഇനങ്ങൾക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വീണ്ടും കുറവ് വരുത്തിയതായും മന്ത്രി അറിയിച്ചു. ജനുവരി മാസത്തെ സബ്‌സിഡി സാധനങ്ങൾ ഇന്ന് മുതൽ തന്നെ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്നും മുൻകൂട്ടി വാങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ച് ‘സാന്റ ഓഫർ’ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് 500 രൂപയ്ക്ക് നൽകും. ഈ കിറ്റിൽ കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ ഉൾപ്പെടുന്നു.
സപ്ലൈക്കോയുടെ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും (250 രൂപയ്ക്ക് ഇന്ധനം) മറ്റ് വാഹനങ്ങൾക്കും (1000 രൂപയ്ക്ക് മുകളിൽ ഇന്ധനം) കൂപ്പണുകൾ ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച് 1000 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ 50 രൂപ ഇളവ് നേടാം.

സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി കേന്ദ്രം 6459 മെട്രിക് ടൺ ഗോതമ്പ് അനുവദിച്ചതിനാൽ, പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ജനുവരി മുതൽ സ്പെഷ്യൽ അരി ലഭിക്കും. അതോടൊപ്പം രണ്ട് കിലോ വീതം ആട്ട 17 രൂപ നിരക്കിൽ വിതരണം ചെയ്യും.
അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ ലഭ്യമാക്കുന്നതിനായി അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടത്തുന്ന ഈ ഇടപെടലുകൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് പ്രധാന ഫെയറുകൾ നടത്തുന്നത്. കൂടാതെ, സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വിൽപ്പനശാലയിൽ പ്രത്യേക ഫെയർ ഉണ്ടാകും.
സപ്ലൈകോ അത്യാധുനിക രീതിയിൽ ഒരുക്കുന്ന ഷോപ്പിങ് മാളായ ‘സിഗ്‌നേച്ചർ മാർട്ട്’ തലശ്ശേരി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കുമെന്നും മന്ത്രി ചടങ്ങിൽ അറിയിച്ചു. സപ്ലൈക്കോയുടെ അൻപതാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് തയാറാക്കിയ സുവനീർ മന്ത്രി പ്രകാശനം ചെയ്യുകയും ഫെയറിലെ ആദ്യ വിൽപ്പന നിർവഹിക്കുകയും ചെയ്തു.
















