റഷ്യയിലെ മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ സൈനിക ജനറൽ കൊല്ലപ്പെട്ടു. റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ജനറൽ ഫാനൽ സർവറോവാണ് കൊല്ലപ്പെട്ടത്.
മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ പാർക്കിങ് ഏരിയയിൽ രാവിലെ ഏഴിനാണു കാർ പൊട്ടിത്തെറിച്ചത്. ഡ്രൈവറും കൊല്ലപ്പെട്ടു. കാറിനടിയിൽ ഘടിപ്പിച്ച ബോംബാണു പൊട്ടിയതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ഫാനൽ സർവറോവിന്റെ മരണം സ്ഥിരീകരിച്ച റഷ്യ, യുക്രെയ്ൻ ചാരസംഘടനയാണ് കൊലയ്ക്കുപിന്നിലെന്ന് സംശയം പ്രകടിപ്പിച്ചു. സിറിയൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ പിന്തുണച്ച് സിറിയയിൽ നടന്ന റഷ്യൻ സൈനിക നീക്കങ്ങളിൽ ഫാനൽ സർവറോവ് പങ്കാളിയായിരുന്നുവെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ നടക്കുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. റഷ്യൻ സേനയുടെ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിറിലോവ് സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്.
















