പോലീസുകാരെപ്പറ്റി പറയുമ്പോൾ, അവർ ജനങ്ങളുടെ കാവൽ മാലാഖമാരായിരിക്കണം എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ നിർഭാഗ്യവശാൽ, സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ഉദ്യോഗസ്ഥരെ കാണാൻ പലപ്പോഴും പ്രയാസമാണ്. അഴിമതിയും അനാസ്ഥയും കാരണം നീതി നിഷേധിക്കപ്പെട്ട് കണ്ണീരണിഞ്ഞ എത്രയോ കുടുംബങ്ങൾ നമുക്കിടയിലുണ്ട്.
അതുപോലെ തന്നെ നീതി ലഭിക്കില്ലെന്ന് കരുതി എല്ലാ പ്രതീക്ഷകളും അസ്തമിച്ച്, ഇരുട്ടിൽ കഴിയേണ്ടി വന്ന ആ കുടുംബത്തിന്റെ കഥയും അതുപോലെ അവസാനിക്കേണ്ടതായിരുന്നു.
എന്നാൽ, ഛത്തീസ്ഗഡിലെ കോർബയിൽ നടന്ന ആ സംഭവം ഒരു തിരുത്തലായി മാറുകയായിരുന്നു. ആദ്യത്തെ പോലീസ് സംഘം നിസ്സാരമായി തള്ളിക്കളഞ്ഞ, കാമുകനൊപ്പം ഒളിച്ചോടിയ കഥയായി എഴുതിത്തള്ളിയ ഒരു ഫയൽ; നീതി തേടി ഒരുപാട് അലഞ്ഞിട്ടും ലഭിക്കാതെ, ഒടുവിൽ നീതി ലഭിക്കുമെന്ന് പോലും അറിയാതെ മരണത്തിന് കീഴടങ്ങണ്ടി വന്ന ഒരു പിതാവിന്റെ വേദനയുടെ ബാക്കിപത്രമായി നിലകൊണ്ടു.
ഈ ഇരുട്ടിലേക്കാണ് റോബിൻസൺ എന്ന ഐപിഎസ് ഓഫീസർ പ്രകാശമായി കടന്നുവന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങളോ, കേസ് അന്വേഷിക്കാനുള്ള പ്രേരണകളോ ഇല്ലാതെ, താൻ അണിഞ്ഞിരിക്കുന്ന കാക്കി വസ്ത്രത്തോട് 100% നീതി പുലർത്തിയ ഒരൊറ്റ മനുഷ്യൻ. ഒരു കുറ്റവാളി പോലും രക്ഷപ്പെടരുത് എന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടത്തിയ അന്വേഷണമാണ്, അഞ്ച് വർഷം മുൻപ് ഹൈവേയുടെ അടിയിൽ കുഴിച്ചുമൂടിയ സത്യത്തെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നത്.
വർഷം 2018, ഒക്ടോബർ 21. ഛത്തീസ്ഗഡിലെ കോർബ നഗരം. പ്രമുഖ ടിവി ചാനലിലെ വാർത്താ അവതാരകയായിരുന്ന ഇരുപത്തിയഞ്ചുകാരിയായ സൽമ സുൽത്താന. സാദാരണ ഒരു കുടുംബാദിൽ ജനിച്ച അവൾ തന്റെ ദൃഢനിച്ചയം കൊണ്ട് പഠിച്ചു വലിയ ഒരു ചാനലിലെ വാർത്ത അവതാരകയായി മാറി. എന്നത്തേയും പോലെ ജോലിക്കായി ഓഫീസിലേക്ക് പോകാൻ ബസ് കയറുമ്പോൾ, ഇനി താനൊരിക്കലും തിരിച്ചുവരില്ലെന്ന് അവളറിഞ്ഞിരുന്നില്ല.
തന്റെ മകൾ എന്നും പത്തുമണിയുടെ വാർത്തയിൽ വാർത്ത വായിക്കുന്നത് ആ മാതാപിതാക്കളും അഭിമാനത്തോടെ കാണുമായിരുന്നു. കൃത്യം പത്തുമണിയാകുമ്പോൾ എത്ര തിരക്കിലും അവർ മകളെ കാണാൻ ടിവിയുടെ മുമ്പിൽ എത്തുമായിരുന്നു. പതിവുപോലെ പത്തുമണിയുടെ വാർത്തയിൽ മകളുടെ മുഖം കാണാൻ കാത്തിരുന്ന മാതാപിതാക്കളുടെ മുന്നിൽ പക്ഷേ, സ്ക്രീനിൽ തെളിഞ്ഞത് അപരിചിതയായ മറ്റൊരു പെൺകുട്ടിയുടെ മുഖമായിരുന്നു.
തുടർന്നുള്ള ബുള്ളറ്റിനുകളിലും മകളെ കാണാതായതോടെ ആ വൃദ്ധദമ്പതികളുടെ നെഞ്ചിൽ ഭയം കനത്തു. ഭയം മൂലം മകളെ ഫോൺ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ്, ഓഫീസിൽ വിളിച്ചപ്പോൾ ഞെട്ടിക്കുന്ന മറുപടി: സൽമ അന്ന് ഓഫീസിൽ എത്തിയിട്ടേയില്ല!
ഭയചകിതരായ മാതാപിതാക്കൾ ഉടൻ പോലീസിൽ പരാതി നൽകിയെങ്കിലും, പോലീസുകാർ കേസ് നിസ്സാരമായി തള്ളിക്കളഞ്ഞു. ‘കാമുകനൊപ്പം ഒളിച്ചോടിയതാകാം’ എന്ന നിഗമനത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ മകളെ ജീവനുതുല്യം സ്നേഹിച്ച ആ പിതാവിന് മകളുടെ തിരോധാനത്തിന്റെ വേദന തളർത്തി.
മകളുടെ തിരിച്ചുവരവിനായി കാത്തിരിക്കാനാവാതെ അദ്ദേഹം ഒടുവിൽ മരണത്തിന് കീഴടങ്ങി. അങ്ങനെ അഞ്ച് വർഷം കടന്നുപോയി. നീതി നിഷേധിക്കപ്പെട്ട്, ഒരു ഫയലായി ആ കേസ് പോലീസ് സ്റ്റേഷനിലെ ‘തെളിയിക്കപ്പെടാത്ത കേസുകളുടെ’ അറയിൽ പൊടിപിടിച്ചു കിടന്നു. ആർക്കും കണ്ടെത്താനാവാത്ത ഒരു ഇരുട്ടിലേക്ക് സൽമയുടെ ഓർമ്മകൾ മാഞ്ഞുപോയെന്ന് എല്ലാവരും കരുതി.
വർഷം 2023, മെയ് മാസം. സ്റ്റേഷനിൽ പുതിയതായി ചാർജെടുത്ത ഐപിഎസ് ഉദ്യോഗസ്ഥനായ റോബിൻസൺ എന്ന സത്യസന്ധനായ ഓഫീസറുടെ മുന്നിലേക്ക് ആ പഴയ ഫയൽ എത്തി. കേവലം തിരോധാനമായി എഴുതിത്തള്ളിയ ആ ഫയൽ തുറന്നപ്പോൾ, അതിലൊരു ദുരൂഹതയുടെ മണം ആ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു.
അന്വേഷണം പുനരാരംഭിച്ചു. സൽമയുടെ കോൾ റെക്കോർഡുകൾ അരിച്ചുപെറുക്കിയ പോലീസ്, മധു സാഹു എന്ന ജിം പരിശീലകനിലേക്ക് എത്തിച്ചേർന്നു. സൽമയുടെ മൊബൈൽ സ്വിച്ച് ഓഫ് ആയ അതേ നിമിഷം, അതേ ടവർ ലൊക്കേഷനിൽ മധു സാഹുവും ഉണ്ടായിരുന്നുവെന്ന നിർണ്ണായകമായ കണ്ടെത്തലോടെ പോലീസ് മധുവിനെ കസ്റ്റഡിയിലെടുത്തു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ മധു പതറി. ഒടുവിൽ, അഞ്ച് വർഷം മൂടിവെച്ച ആ കൊടുംക്രൂരതയുടെ സത്യം മറനീക്കി പുറത്തുവന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മധു, സൽമയുമായി പ്രണയത്തിലായിരുന്നു. സ്വന്തമായി ഒരു ജിം തുടങ്ങാനായി സൽമ തന്റെ സമ്പാദ്യമായ ഏഴു ലക്ഷം രൂപ വായ്പയെടുത്ത് മധുവിന് നൽകിയിരുന്നു.
എന്നാൽ, തന്നെ വിവാഹം കഴിക്കണമെന്ന് സൽമ നിർബന്ധം പിടിക്കുകയും, അല്ലെങ്കിൽ എല്ലാം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ മധു അവളെ ഒഴിവാക്കാൻ തീരുമാനിച്ചു. അന്ന് രാവിലെ ഓഫീസിലേക്ക് പോവുകയായിരുന്ന സൽമയെ, മധുവും രണ്ട് കൂട്ടുകാരും ചേർന്ന് കാറിൽ കയറ്റി. വഴക്കിനിടെ കാറിനുള്ളിൽ വെച്ച് ഒരു കയർ ഉപയോഗിച്ച് മധു അവളുടെ കഴുത്ത് ഞെരിച്ചു.
കൊലപാതകത്തിനു ശേഷം, പിടഞ്ഞുതീർന്ന സൽമയുടെ മൃതദേഹവുമായി അവർ നേരെ പോയത് കോർബ-ദാരി റോഡിലെ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്കായിരുന്നു. റോഡ് പണിക്കായി മണ്ണുമാന്തിയിട്ടിരുന്ന ഒരു കുഴിയിൽ അവർ മൃതദേഹം ഇട്ടു, മുകളിലൂടെ മണ്ണും കല്ലും നിരത്തി. ദിവസങ്ങൾക്കുള്ളിൽ അവിടെ ടാറിംഗ് നടന്നു. സൽമയുടെ ശരീരം ഒരു നാലുവരി ഹൈവേയുടെ അടിയിൽ എന്നെന്നേക്കുമായി ഉറങ്ങി.
ഈ ഞെട്ടിക്കുന്ന കുറ്റസമ്മതം കേട്ട് പോലീസ് പകച്ചു. അഞ്ച് വർഷം പഴക്കമുള്ള, ഇപ്പോൾ തിരക്കിട്ട ഹൈവേ ആയി മാറിയ ഒരിടത്ത് നിന്ന് എങ്ങനെ മൃതദേഹം കണ്ടെത്തും? റോബിൻസൺ ഐപിഎസ് അവിടെയാണ് തന്റെ ബുദ്ധി പ്രയോഗിച്ചത്. കോടതിയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം ‘തെർമൽ റഡാർ 3D സ്കാനിംഗ്’ എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചു.
ഹൈവേയുടെ പല ഭാഗങ്ങളിൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തി. ഒടുവിൽ, ഒരിടത്ത് സ്കാനർ ബീപ് ശബ്ദം പുറപ്പെടുവിച്ചു! മണ്ണുമാന്തി യന്ത്രങ്ങൾ താഴ്ന്നു. പത്തടി താഴ്ചയിൽ, മണ്ണിനടിയിൽ നിന്ന് ഒരു അസ്ഥികൂടം തെളിഞ്ഞുവന്നു. കൂടെ സൽമയുടെ ബാഗും ചെരുപ്പും. ഡിഎൻഎ പരിശോധനയിൽ അത് സൽമ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
കോൺക്രീറ്റിനും ടാറിനും അടിയിൽ സത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ച മധു സാഹുവും കൂട്ടാളികളും ഒടുവിൽ നിയമത്തിന് മുന്നിൽ കുടുങ്ങി. നീതിക്കായി കാത്തുനിൽക്കാതെ സൽമയുടെ പിതാവ് യാത്രയായിരുന്നുവെങ്കിലും, അഞ്ച് വർഷങ്ങൾക്ക് ശേഷം, റോബിൻസൺ ഐപിഎസ് എന്ന സമർത്ഥനായ ഓഫീസറുടെ കഠിനാധ്വാനം കാരണം ആ ഹൈവേയുടെ അടിയിൽ നിന്ന് സൽമയുടെ ആത്മാവ് നീതി ഏറ്റുവാങ്ങി.
ഈ ഒരു സംഭവത്തിൽ പോലീസിന്റെ രണ്ട് മുഖങ്ങൾ നമ്മുക്ക് കാണാനാകും. ഒരാൾക്ക് ജോലി ചെയ്യാനുള്ള മടി, അത് ഒരു കുടുംബത്തെ അഞ്ച് വർഷം ഇരുട്ടിലാക്കി. മറ്റൊരാൾ, തന്റെ കടമ എന്താണെന്ന് മനസ്സിലാക്കി, ജനങ്ങൾക്കുവേണ്ടി ഇറങ്ങിത്തിരിച്ചു. ഒരു ഉദ്യോഗസ്ഥന്റെ ആത്മാർത്ഥമായ പരിശ്രമം ഒരു കുടുംബത്തിന് നീതിയുടെ വെളിച്ചം നൽകി. അതുകൊണ്ടുതന്നെ, ഇദ്ദേഹം ചെയ്തത് ഏതൊരു പോലീസുകാരനും മാതൃകയാക്കാവുന്ന, ശരിക്കും കൈയടി അർഹിക്കുന്ന ഒരു കാര്യമാകുന്നത്.
















