ദുബായിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിലെ 14-കാരനായ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിക്കെതിരെ ഒരു കൂട്ടം പാകിസ്താൻ ആരാധകർ മോശമായി പെരുമാറിയ സംഭവം വിവാദമാകുന്നു. ഞായറാഴ്ച ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 191 റൺസിന് പരാജയപ്പെടുത്തി പാക് ടീം കിരീടം നേടിയതിന് ശേഷമാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
മത്സരശേഷം സ്റ്റേഡിയത്തിൽ നിന്ന് ടീം ബസിലേക്ക് മടങ്ങുകയായിരുന്ന വൈഭവിനെ പാക് ആരാധകർ വളയുകയും കൂക്കിവിളിക്കുകയും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് കളിയാക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പാക് ആരാധകരുടെ പ്രകോപനപരമായ പെരുമാറ്റത്തിനിടയിലും വൈഭവ് സംയമനം പാലിച്ച് മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ ക്രിക്കറ്റ് ലോകത്തുനിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്.
കളിക്കിടെ പാക് ബൗളർ അലി റാസയുമായി വൈഭവ് ചെറിയ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.
348 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ വൈഭവ് ആദ്യ പന്തുതന്നെ സിക്സറിന് പറത്തി മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ, താരം 10 പന്തിൽ നിന്ന് 26 റൺസെടുത്ത് പുറത്തായി. അലി റാസയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങവെയായിരുന്നു റാസയും വൈഭവവും തമ്മിൽ ചെറുതായി ഉരസിയത്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് വൈഭവ് സൂര്യവംശി. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ വെറും 56 പന്തിൽ സെഞ്ചുറി നേടി താരം ശ്രദ്ധേയനായിരുന്നു. അന്ന് 95 പന്തിൽ 14 സിക്സറുകൾ ഉൾപ്പെടെ 171 റൺസാണ് വൈഭവ് അടിച്ചെടുത്തത്. അതേസമയം, ഫൈനലിൽ ടീം ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയത് ആരാധകരെ നിരാശയിലാക്കി.
















