നമ്മുടെ ശാരീരികക്ഷമതയ്ക്ക് ഏറ്റവും മികച്ച വ്യായാമങ്ങളിൽ ഒന്നാണ് നീന്തൽ. എന്നാൽ, പേശീബലം വർദ്ധിപ്പിക്കുക എന്നതിലുപരിയായി നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെയും മാനസികാരോഗ്യത്തെയും അത്ഭുതകരമായി സ്വാധീനിക്കാൻ നീന്തലിന് കഴിയുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പതിവായ നീന്തൽ തലച്ചോറിനെ അക്ഷരാർത്ഥത്തിൽ ‘പുനഃക്രമീകരിക്കുക’യും, ഇത് ഓർമ്മശക്തി മെച്ചപ്പെടുത്താനും നാഡീവ്യൂഹത്തെ ശാന്തമാക്കാനും ആഴത്തിലുള്ള ഉറക്കം ഉറപ്പുവരുത്താനും സഹായിക്കുകയും ചെയ്യുന്നു.
നീന്തലിലേർപ്പെടുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുന്നു. തലച്ചോറിലെ പഠനത്തിനും ഓർമ്മശക്തിക്കും ഉത്തരവാദിയായ ‘ഹിപ്പോകാമ്പസ്’ എന്ന ഭാഗത്തെ ഉത്തേജിപ്പിക്കാൻ ഈ വർദ്ധിച്ച രക്തയോട്ടം സഹായിക്കുന്നു. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും പുതിയ നാഡീബന്ധങ്ങൾ സ്ഥാപിക്കാനും തലച്ചോറിൻ്റെ വഴക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കൂടാതെ, ഇത് തലച്ചോറിൻ്റെ വളർച്ചയ്ക്ക് അത്യാവശ്യമായ BDNF (Brain-Derived Neurotrophic Factor) പോലുള്ള ഘടകങ്ങളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, തലച്ചോറിൻ്റെ മൊത്തത്തിലുള്ള ആരോഗ്യവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മാത്രമല്ല, നീന്തൽ നമ്മുടെ നാഡീവ്യൂഹത്തിന് ശാന്തത നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വെള്ളത്തിലൂടെയുള്ള താളാത്മകമായ ചലനങ്ങളും ശ്വാസം നിയന്ത്രിച്ചുകൊണ്ടുള്ള വ്യായാമവും ശരീരത്തിലെ സമ്മർദ്ദ ഹോർമോണായ ‘കോർട്ടിസോളിന്റെ’ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി, നമ്മുടെ കേന്ദ്ര നാഡീവ്യൂഹം ശാന്തമാവുകയും, ഇത് ആകാംഷയും മാനസിക പിരിമുറുക്കവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പാരസിംപതിറ്റിക് നാഡീവ്യൂഹത്തെ സജീവമാക്കുന്നതിലൂടെ, നീന്തൽ ഒരു സ്വാഭാവികമായ റിലാക്സേഷൻ തെറാപ്പിയായി പ്രവർത്തിക്കുന്നു.
ഇതിൻ്റെയെല്ലാം ഫലമായി, രാത്രിയിൽ നമുക്ക് മികച്ച ഉറക്കം ലഭിക്കുന്നു. പകൽ സമയത്തെ ശാരീരിക അധ്വാനം, കുറഞ്ഞ സമ്മർദ്ദം, ശാന്തമായ നാഡീവ്യൂഹം എന്നിവയെല്ലാം സുഖകരവും അഗാധവുമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
നല്ല ഉറക്കം ലഭിക്കുമ്പോൾ തലച്ചോറിലെ മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയും, ഓർമ്മകൾ ദൃഢമാവുകയും, അടുത്ത ദിവസത്തേക്ക് തലച്ചോറ് പൂർണ്ണ സജ്ജമാവുകയും ചെയ്യുന്നു. അതിനാൽ, മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നീന്തൽ ഒരു ജീവിതശൈലിയായി തിരഞ്ഞെടുക്കുന്നത് ഉചിതമാണ്.
















