ഏതൊരാള്‍ക്കും വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണ് KSRTC ജീവനക്കാരായ ഡ്രൈവര്‍-കണ്ടക്ടര്‍ ജോലിയുടെ ബുദ്ധിമുട്ടും തീവ്രതയും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജോലിയാണ് ഡ്രൈവിംഗ്. മനസ്സും ശരീരവും ഒരുപോലെ അല്ലെങ്കില്‍ അപകടം ഉറപ്പാണ്. അത്തരം അപകടങ്ങളില്‍ നഷ്ടമാകുന്നത്, സ്വന്തം ജീവന്‍ മാത്രമല്ല, മറ്റനേകം ജീവനുകള്‍ കൂടിയാണ്. അപ്പോള്‍ ഉത്തരവാദിത്വവും, സുരക്ഷയും കൂടി ജീവനക്കാരുടെ ചുമലിലാണ്. നിരത്തുകളിലെ അധിക മാനസിക സംഘര്‍ഷം മുതല്‍, അമിത ചൂടും, ടെന്‍ഷനും, നിര്‍ജലീകരണവും, നിര്‍ത്താതെയുള്ള യാത്രകളുമെല്ലാം നിത്യരോഗത്തിന്റെ വഴിയിലേക്കാണ് തള്ളി വിടുന്നത്. KSRTC യിലെ മരണനിരക്ക് തന്നെ പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും, അവര്‍ ചെയ്യുന്ന ജോലിയുടെ കാഠിന്യം.
ഇത് കാലങ്ങളായി പറഞ്ഞുകൊണ്ടേയിരിക്കുന്ന കാര്യമാമ്. പക്ഷെ, രോഗത്തെ കുറിച്ചും, അതിന്റെ ചികിത്സയെ കുറിച്ചും ആധികാരികമായി ഡോക്ടര്‍മാര്‍ക്കു മാത്രമേ പറയാനാകൂ. പ്രത്യേകിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തന്നെ രോഗമുണ്ടെന്ന് പറയുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണമെന്നിരിക്കെ, KSRTC ജീവനക്കാരുടെ ആയുര്‍ ദൈര്‍ഘ്യവും രോഗവിവരങ്ങളും ഒരു ഡോക്ടര്‍ തന്നെ പറയുന്നുണ്ട്. KSRTC നെടുമങ്ങാട് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന ‘ഒരു ഡോക്ടറുടെ കാഴ്ചപ്പാടില്‍ KSRTC ജീവനക്കാരുടെ ജീവിതം’ എന്ന കുറിപ്പാണ് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചത്. കാരണം, ഈ കുറിപ്പില്‍ പറയുന്നതു പോലെ, ‘KSRTC ജീവനക്കാരുടെ ജീവിതം ബസിന്റെ വേഗത പോലെയാണ്. പുറത്ത് മുന്നോട്ട് പോവുന്നു, അകത്ത് ക്ഷയം (desgaste) സംഭവിച്ചു കൊണ്ടിരിക്കുന്നു.’
നിങ്ങള്‍ ഒരു വാഹനം ഓടിക്കുന്ന ആളാണെങ്കില്‍ (ഏതു വാഹനമായാലും) റോഡിലേക്കിറങ്ങുമ്പോള്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ആലോചിച്ചാല്‍ മനസ്സിലാകും ഒരു KSRTC ഡ്രൈവറുടെ മാനസിക നില എന്തായിരിക്കുമെന്ന്. ഇത്, KSRTC മാനേജ്‌മെന്റിനും വകുപ്പുമന്ത്രിക്കും, ജീവനക്കാരെ ഊറ്റി പറ്റിച്ചു ജീവിക്കുന്ന സംഘടനകള്‍ക്കും, സമൂഹത്തിനുമറിയാം. എന്നാല്‍, ആര്‍ക്കും ഒന്നുമറിയാത്തതു പോലെ മുന്നോട്ടു പോകുന്നു എന്നുമാത്രം. അതുകൊണ്ട്, ഡോക്ടറുടെ ഈ കുറിപ്പ് വായിക്കുന്നത് KSRTCയിലെ തലയ്ക്കു വെളിവുള്ളവര്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. കാരണം, അവര്‍ക്കേ ടിക്കറ്റ് കളക്ഷനില്‍ റെക്കോര്‍ഡ് ഇടുന്ന പാവം തൊഴിലാളികളുടെ വേദനയും നീറ്റലും മനസ്സിലാക്കാനാകൂ. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നതു പോലെ ഒരു കാര്യം പറയാം. KSRTC ജീവനക്കാര്‍ തന്നെ തങ്ങളുടെ സ്ഥിതി എന്താണെന്ന് വിളിച്ചു പറയേണ്ടതുണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ മരണത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടേയിരിക്കും ദിനംപ്രതി.
- ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ
ഒരു ഡോക്ടറുടെ കാഴ്ചയില്‍: KSRTC ജീവനക്കാരുടെ ജീവിതം
ഞാന്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ദിവസവും എന്റെ OP യിലൂടെ കടന്നുപോകുന്ന പല രോഗികളിലും ഒരു സാമ്യം ഞാന്‍ കണ്ടിട്ടുണ്ട് – അവരില്‍ ചിലരൊക്കെ KSRTC ജീവനക്കാരാണ്. ഓരോ ദിവസവും രണ്ടു മൂന്നു പേരെങ്കിലും ഉണ്ടാകും . ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍. അവരുടെ മെഡിക്കല്‍ ഫയലുകള്‍ വായിക്കുമ്പോള്‍, ഒരു മനുഷ്യന്റെ ശരീരത്തില്‍ മാത്രം അല്ല, ഒരു സംവിധാനത്തിന്റെ ഭാരം എങ്ങനെ പതിയുന്നു എന്നത് എനിക്ക് വ്യക്തമായി തോന്നാറുണ്ട്.
KSRTC ഡ്രൈവര്‍മാരുടെ ശരാശരി ഡ്യൂട്ടി സമയം പലപ്പോഴും 10 മുതല്‍ 14 മണിക്കൂര്‍ വരെയാണ്. നിയമപരമായി ഇടവേളകള്‍ അനുവദിക്കുന്നുണ്ടെങ്കിലും , സര്‍വീസ് സമ്മര്‍ദ്ദവും സ്റ്റാഫ് കുറവും കാരണം പലര്‍ക്കും അത് ലഭിക്കാറില്ല. ദീര്‍ഘനേരം സ്റ്റിയറിംഗില്‍ ഇരിക്കുന്നതിന്റെ ഫലമായി കഴുത്ത് വേദന, നടുവേദന, മുട്ട് പ്രശ്‌നങ്ങള്‍ – ഇവ സാധാരണമാണ്.
കണ്ടക്ടര്‍മാരില്‍ ഞാന്‍ കൂടുതലായി കാണുന്നത് വെരിക്കോസ് വെയിന്‍സ് (നീണ്ടുനില്‍ക്കുന്ന നില്‍പ്പ് മൂലം കാലിലെ ശിരകള്‍ വീരല്‍), മുട്ട് സന്ധിവേദന, കൂടാതെ ആസിഡിറ്റി, ഗ്യാസ്‌ട്രൈറ്റിസ് പോലുള്ള ദഹന പ്രശ്‌നങ്ങളാണ്. സമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാത്തതും, ബസ് സ്റ്റാന്‍ഡുകളില്‍ ലഭിക്കുന്ന അനാരോഗ്യകരമായ ഭക്ഷണവുമാണ് ഇതിന് പ്രധാന കാരണം.
മാനസികാരോഗ്യം പറയാതെ പോകാന്‍ പറ്റില്ല.
ഡ്രൈവര്‍മാരില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം (chronic stress) വളരെ സാധാരണമാണ്. ട്രാഫിക്, അപകട ഭയം, സമയ സമ്മര്‍ദ്ദം, യാത്രക്കാരുടെ പരാതികള്‍ – എല്ലാം ചേര്‍ന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (BP), ഉറക്കക്കുറവ്, ആംഗ്സൈറ്റി എന്നിവയിലേക്ക് നയിക്കുന്നു. ചിലര്‍ക്ക് മദ്യലഹരിയിലേക്കുള്ള വഴിയും ഇവിടെ തുടങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട് – ഒരു പ്രതിരോധ മാര്‍ഗമായി, പക്ഷേ അത് ആരോഗ്യത്തെ കൂടുതല്‍ തകര്‍ക്കും.
ഒരു വസ്തുത പ്രത്യേകം പറയണം:
പല KSRTC ജീവനക്കാരും സ്വന്തം അസുഖം അവഗണിച്ചാണ് ഡ്യൂട്ടിക്ക് വരുന്നത്. ”ഇന്ന് സര്‍വീസ് ഒഴിവാക്കിയാല്‍ ആളില്ല” എന്ന ബോധം അവരെ അതിന് നിര്‍ബന്ധിക്കുന്നു. പനിയോടെയും കടുത്ത നടുവേദനയോടെയും സ്റ്റിയറിംഗിന് മുന്നില്‍ ഇരിക്കുന്നവരെ ഞാന്‍ ചികിത്സിച്ചിട്ടുണ്ട്.
അവരുടെ വിരമിക്കല്‍ പ്രായം വരെ നോക്കിയാല്‍, പലര്‍ക്കും 50-55 വയസ്സ് എത്തുമ്പോഴേക്കും ഡയബെറ്റീസ്, ഹൈപ്പര്‍ടെന്‍ഷന്‍, സന്ധിവാതം എന്നിവ സ്ഥിരസഹചാരികളായി മാറിയിരിക്കും. ഇത് അവരുടെ വ്യക്തിഗത ജീവിതത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നു.
ഒരു ഡോക്ടറെന്ന നിലയില്‍ ഞാന്‍ പറയുന്നത് കുറ്റപ്പെടുത്താന്‍ അല്ല, മനസ്സിലാക്കാന്‍ ആണ്.
നമ്മള്‍ സുരക്ഷിതമായി വീട്ടിലെത്തുന്ന ഓരോ യാത്രയ്ക്കും പിന്നില്‍, സ്വന്തം ആരോഗ്യം പതിയെ നഷ്ടപ്പെടുന്ന പലരുടെയും നിശ്ശബ്ദ സേവനം ഉണ്ടാകാം.
KSRTC ജീവനക്കാരുടെ ജീവിതം ബസിന്റെ വേഗത പോലെയാണ് –
പുറത്ത് മുന്നോട്ട് പോവുന്നു,
അകത്ത് desgaste (ക്ഷയം) സംഭവിച്ചുകൊണ്ടിരിക്കുന്നു.
അവര്‍ രോഗികളായി എന്റെ മുന്‍പില്‍ ഇരിക്കുമ്പോള്‍, ഞാന്‍ ഒരു ഡോക്ടര്‍ മാത്രമല്ല –
ഒരു സാക്ഷിയുമാണ്.
KSRTC ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കുറിപ്പ് ഓടി നടക്കുന്നുണ്ടാകും. എന്നാല്‍, അതൊരു വാര്‍ത്തയോ, വാര്‍ത്തയാകാന്‍ പാകത്തിനൊരു വിഷയമോ ആയിട്ടില്ല. ഈ കുറിപ്പ്, “അന്വേഷണത്തിനൊരു” വാര്‍ത്തയാണ്. ജീവന്റെ വിലയുള്ള വാര്‍ത്ത. അതാണ് തിരിച്ചറിവ്. ഡോക്ടറുടെ കുറിപ്പു, വായിച്ചവര്‍ക്കു വേണ്ടിയുള്ളതല്ല, ഈ വാര്‍ത്ത. KSRTCയെ സ്‌നേഹിക്കുന്ന യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും വേണ്ടിയുള്ളതാണ്.
CONTENT HIGH LIGHTS; For those with brains in KSRTC to read: The life of KSRTC employees through the eyes of a doctor; Are illnesses and death not wages for work?; A deeply painful note
















