തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്ത് എത്തിചേരും. വൈകിട്ട് മൂന്നിന് പമ്പയിൽനിന്ന് പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. 6.30ന് അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന. 27ന് ഉച്ചയ്‌ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് 23ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ശബരിമലയിലെത്തുന്നത്. ആറന്മുളയിൽ തങ്ക അങ്കി ദർശിക്കാനും കാണിക്ക അർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു.
400 പവനിലധികം തൂക്കം വരുന്ന തങ്ക അങ്കിയെ അനുഗമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കൊപ്പം പത്തനംതിട്ട എആർ ക്യാമ്പിലെ സായുധ പൊലീസ് സംഘവുമുണ്ട്.
















