ക്രിസ്മസ് ആഘോഷത്തിനിടെ കടകളിലും സ്കൂളുകളിലും ആക്രമണം നടത്തിയ വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. അസമിലെ നൽബാരി ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് പൊലീസ് നടപടി.
വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ ദേക, ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്ഗിരി, അസി. സെക്രട്ടറി ബിജു ദത്ത, ബജ്രംഗ്ദൾ ജില്ലാ കൺവീനർ നയാൻ തലുക്ദാർ എന്നിവരാണ് അറസ്റ്റിലായത്.
ബൽസർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനിഗാവ് ഗ്രാമത്തിലെ സ്കൂളിലും നൽബാരി ടൗണിലെ കടകളിലുമാണ് പ്രതികൾ ആക്രമണം നടത്തിയത്. ഇവിടങ്ങളിൽ കടന്നുകയറി ക്രിസ്മസ് ആഘോഷത്തിനായി സജ്ജീകരിച്ചിരിക്കുന്ന അലങ്കാരവസ്തുക്കളുൾപ്പെടെയാണ് പ്രതികൾ നശിപ്പിച്ചത്.
സ്കൂൾ പരിസരത്ത് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുന്നതിനിടെ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ പ്രതികൾ സ്കൂൾ അധികൃതരെ താക്കീത് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബുധനാഴ്ചയാണ് പനിഗാവിലെ സ്കൂളിൽ അതിക്രമിച്ചുകയറി അലങ്കാരവസ്തുക്കൾക്ക് പ്രതികൾ തീയിട്ടത്. സ്കൂളിന് പുറത്തെ വിളക്കുകൾ, ചെടിച്ചട്ടികൾ എന്നിവ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
















