മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ബോളിവുഡിൽ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദായ്‌റ’യുടെ ചിത്രീകരണം പൂർത്തിയായി. ബോളിവുഡ് നടി കരീന കപൂർ ഖാൻ നായികയാകുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ 2026-ൽ തിയേറ്ററുകളിലെത്തും. ‘റാസി’, ‘തൽവാർ’, ‘സാം ബഹാദൂർ’ തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയയായ സംവിധായിക മേഘ്‌ന ഗുൽസാറാണ് ചിത്രം ഒരുക്കുന്നത്.
പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കരീന കപൂറാണ് നായിക. സമൂഹത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ‘ദായ്‌റ’യുടെ പ്രമേയം.
സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാകും ഈ സിനിമയെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജ് വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമക്ക്.
മേഘ്‌ന ഗുൽസാർക്കൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ അത് ചെയ്യണമെന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് സുകുമാരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ മുന്നോട്ട് പോകുമ്പോൾ തന്റെ കഥാപാത്രവും അതിന്റെ ചെയ്തികളും തന്നെ പൂർണ്ണമായും ആകർഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രം പ്രഖ്യാപിച്ച വേളയിൽത്തന്നെ, മേഘ്‌ന ഗുൽസാറിന്റെ സംവിധാന കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള പ്രമുഖ നടിമാർക്കൊപ്പവും പ്രവർത്തിക്കുന്നത് തനിക്ക് ഒരു മികച്ച അനുഭവമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. 2026-ലെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരു മികച്ച ക്രൈം ത്രില്ലർ വിരുന്നായിരിക്കും ‘ദായ്‌റ’ സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
















