തലസ്ഥാന നഗരസഭ പിടിച്ച ബിജെ.പിയുടെ സന്തോഷത്തിനു മുകളില്‍ ഇപ്പോള്‍ തൂങ്ങിയാടുന്നത് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ മനോവേദനയും മോഹ ഭംഗവുമണ്. ഒരു സ്ത്രീ വിചാരിച്ചാല്‍ ലോകം നന്നാക്കാനും നശിപ്പിക്കാനും കഴിയുമെന്ന് ഹിന്ദു പുരാണങ്ങള്‍ വരെ തെളിയിച്ചിട്ടുണ്ട്. ദ്രൗപതിയുടെ വസ്ത്രാക്ഷേപം മഹാഭാരത യുദ്ധത്തിലാണ് കലാശിച്ചതെന്ന് മറക്കാനാവില്ല. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ ആര്‍. ശ്രീലേഖ സ്വപ്‌നം കണ്ടത് മേയര്‍ പദവിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ശ്രീലേഖ എന്നത് ബി.ജെപിയുടെ താര പരിവേഷമുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു.
ഈ താരപരിവേഷം പ്രചാരണത്തിലും, വോട്ടു പിടുത്തത്തിലും പോസ്റ്ററിലും വോട്ടെടുപ്പ് ഘട്ടത്തിലുമെല്ലാം വാര്‍ത്തകളും വിവാദങ്ങളുമായി. തലസ്ഥാന എംപി. ശശി തരൂരെന്ന പോലെ, ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നപോലെ കോര്‍പ്പറേന്‍ മേയര്‍ ശ്രീലേഖ എന്നൊരു കണക്കു കൂട്ടലാണ് ഉണ്ടായിരുന്നത്. ഈ മൂന്നുപേരും അക്കാദമിക്കലി ഉയര്‍ന്നു നില്‍ക്കുന്നവരാണ് എന്നതു കൊണ്ടു തന്നെ തലസ്ഥാന വാസികള്‍ രാഷ്ട്രീയത്തിനുപരി വ്യക്തി പ്രഭാവം നോക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. ശ്രീലേഖയെ മേയറായി കണ്ടത്, മാധ്യമങ്ങളാണെന്ന വിമര്‍ശനമാണ് ബി.ജെ.പിയിലെ വി.വി. രാജേഷിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
എന്നാല്‍, ശ്രീലേഖയെ മേയറായി കണ്ടത്, പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ്. ഒരു മുന്‍ ഡി.ജി.പിയെ കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിക്കുമ്പോള്‍, കുറഞ്ഞപക്ഷം മേയര്‍ സ്ഥാനാര്‍ത്ഥി എന്ന നലിയിലെങ്കിലും പരിഗണിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിക്കും ആ വ്യക്തിക്കും മോശമാണ്. ഇനി, ബി.ജെ.പി തോറ്റിരുന്നെങ്കില്‍ മേയറാകാന്‍ കഴിയാത്തത് പാര്‍ട്ടിക്ക് ജയിക്കാനായില്ല എന്ന കാരണം പറഞ്ഞ് നില്‍ക്കാമായിരുന്നു. പക്ഷെ ഇത് അങ്ങനെയല്ല, തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രമാണ്. ബി.ജെ.പിയുടെ ആദ്യ മേയര്‍ എന്ന പദവിയിലെത്തുന്ന ചരിത്രപരമായ നിമിഷം. ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കിയ കഴിഞ്ഞ കൗണ്‍സിലിന്റെ സാരഥി ആര്യാ രാജേന്ദ്രന് ബി.ജെ.പി അണികള്‍ നന്ദി പറയുമ്പോള്‍ ഒപ്പം അംഗീകരിക്കുന്ന പേരാണ് ശ്രീലേഖ.
അവരുടെ സ്ഥാനാര്‍ത്ഥിത്വം ബി.ജെപിക്ക് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാക്കിയെന്നതില്‍ തര്‍ക്കമില്ല. ഇതുവരെയും തദ്ദേശ തെരഞ്ഞടുപ്പിലേക്ക് ഐപി.എസുകാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആരും മുതിര്‍ന്നിട്ടില്ല. അഥവാ ഒരു ഐപി.എസുകാരും സ്ഥാനാര്‍ത്ഥിയാകില്ല. ഈ സാഹചര്യത്തിലാണ്, ശ്രീലേഖ സ്ഥാനാര്‍ത്ഥിയാകുന്നത്. അപ്പോള്‍ അവിടെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടാകുമെന്നുറപ്പാണ്. അല്ലാതെ, ഒരു വാര്‍ഡിന്റെ കൗണ്‍സിലറാകാന്‍ മാത്രമായി ശ്രീലേഖ തെരഞ്ഞെടുപ്പില്‍ നില്‍ക്കാമെന്ന് സമ്മതിക്കുമെന്ന് കരുതുക വയ്യ. പാലം കടക്കുവോളം നാരായണ പറഞ്ഞവര്‍ പാലം കടന്നപ്പോള്‍ കൂരായണ എന്നു പറഞ്ഞതു പോലെയാണ് ശ്രീലേഖയ്ക്കു തോന്നിയിരിക്കുന്നത്.
ഇത്രയും കാലം കോര്‍പ്പറേഷന്‍ ഭരണത്തിലെത്താന് കഴിയാതിരുന്ന ബി.ജെ.പിക്ക് താന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് ചരിത്രം തിരുത്താനായി. എന്നാല്‍, വിജയം കണ്ടപ്പോള്‍ പറഞ്ഞ വാക്കുമാറ്റി. പാര്‍ട്ടിക്കകത്ത് ഗ്രൂപ്പായി. തമ്മില്‍ സ്ഥാനത്തിനുള്ള വടംവലിയായി. ഒടുവില്‍ രാജീവ് ചന്ദ്രശേഖര്‍ സ്റ്റാമ്പായി. ശ്രീലേഖ വീട്ടിലുമായി. ഇനി എന്തും ചെയ്താണ് ശ്രീലേഖയെ അനുനയിപ്പിക്കാന് കഴിയുന്നതെന്ന ചിന്തയിലാണ് നേതൃത്വം. വിഴിഞ്ഞം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യു.ഡി.എഫിനോ എല്‍.ഡി.എഫിനോ ഒരു സീറ്റു കൂടി ലഭിക്കും. ഇരുകൂട്ടരും ഒന്നിക്കുകയാണെങ്കില്‍ വീണ്ടും ഭരണം അനിശ്ചിതത്വത്തിലേക്ക് പോകുമെന്നുറപ്പാണ്. കണ്ണമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ രാധാകൃഷ്ണന്റെ ഒറ്റ ബലത്തിലാണ് ബി.ജെ.പി അധികാരത്തിലേറിയിരിക്കുന്നത്.
എന്നാല്‍, ഇത് നിരുപാധിക പിന്തുണയല്ല. രാഷ്ട്രീയ സാഹചര്യം മാറുകയാണെങ്കില്‍, പിന്തുണയും പിന്‍വലിച്ചേക്കാം. അങ്ങനെയെങ്കില്‍ കോര്‍പ്പറേഷനില്‍ വീണ്ടും മേയര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പാണ്. പക്ഷെ, അപ്പോഴും ശ്രീലേഖയുടെ സീറ്റ് കൗണ്‍സിലറില്‍ തന്നെ. ഇനിയൊരു സ്ഥാനത്തിലേക്ക് പരിഗണിക്കാനും കഴിയില്ല. കാരണം, നൂല്‍പ്പാലത്തിലൂടെയാണ് ഭരണം മുന്നോട്ടു പോകുന്നത്. ശ്രീലേഖയെ രാജിവെപ്പിച്ച് മറ്റൊരു സ്ഥാനം നല്‍കിയാല്‍, അത് ആത്മഹത്യാപരമാകും. ശാസ്തമംഗലത്തില്‍ വീണ്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഉറപ്പിച്ചു പറയാനാകില്ല എന്നതു കൊണ്ടാണിത്. അപ്പോള്‍ ശ്രീലേഖ അടുത്ത അഞ്ചുവര്‍ഷവും കൗണ്‍സിലര്‍ ആയി തന്നെ ഇരിക്കുമെന്നുറപ്പ്.
CONTENT HIGH LIGHTS; Will R. Sreelekha’s dissatisfaction turn BJP into a frying pan?: Former DGP recognizes the pitfalls of politics; Was the dance he performed after the elections just a waste?
















