റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയുമായി റഷ്യ–യുക്രെയ്ൻ സമാധാന കരാർ ചർച്ച ചെയ്യുന്നതിന് മുന്നോടിയായാണു പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചത്.
പുടിനുമായി ഫലപ്രദമായ ഒരു ടെലിഫോൺ സംഭാഷം നടത്തിയെന്നു ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പുടിനും ട്രംപും തമ്മിൽ സൗഹൃദപരമായ ഫോൺ സംഭാഷണം നടത്തിയെന്നു ക്രെംലിനും അറിയിച്ചു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും പുടിനും ട്രംപും സംസാരിക്കുമെന്നും ക്രെംലിൻ വ്യക്തമാക്കി.
20 ഇന സമാധാന പദ്ധതിയിന്മേൽ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന ചർച്ചയിലും മികച്ച പുരോഗതി കൈവരിക്കാനായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോർട്ടിൽ ആയിരുന്നു ട്രംപ് സെലെൻസ്കി കൂടിക്കാഴ്ച. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സെലൻസ്കിയും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻറെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവർത്തിച്ച സെലൻസ്കി തുടർ ചർച്ചകൾക്ക് സന്നദ്ധനെന്നും വ്യക്തമാക്കി.
















