മനുഷ്യൻ തന്നെയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു എന്ന പ്രപഞ്ച സത്യത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും നടക്കുന്നത്. പ്രണയത്തിനു വേണ്ടിയും, പ്രണയം നിരസിച്ചതിൻ്റെ പേരിലും, ദുരഭിമാനം സംരക്ഷിക്കാനുമായി മനുഷ്യൻ പരസ്പരം കൊന്നു സന്തോഷം കണ്ടെത്തുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.
ഓരോ ദിവസവും പത്രത്താളുകൾ മറിക്കുമ്പോൾ, മനുഷ്യൻ്റെ ഉള്ളിലെ പകയും വാശിയും എത്രത്തോളം പൈശാചികമായ രീതിയിൽ മറ്റൊരാളുടെ ജീവിതം ഇല്ലാതാക്കുന്നു എന്ന് നമ്മൾ ഭയത്തോടെ തിരിച്ചറിയുന്നു. പ്രണയത്തകർച്ച, വഞ്ചന, കുടുംബബന്ധങ്ങളിലെ ദുരഭിമാനം എന്നിങ്ങനെ പല കാരണങ്ങളാൽ നടക്കുന്ന കൊലപാതകങ്ങൾ നമ്മൾ ധാരാളമായി കണ്ടിട്ടുണ്ട്.
എന്നാൽ, ഉത്തർപ്രദേശിൽ സംഭവിച്ച ഈ കൊലപാതകം ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. സ്വന്തം പ്രണയം വിജയിപ്പിക്കാൻ വേണ്ടി, ചെയ്യാൻ പറ്റുന്ന ക്രൂരമായ കാര്യം, സിനിമാക്കഥകളെ പോലും വെല്ലുന്ന അവിശ്വസനീയവും പൈശാചികവുമായ ആസൂത്രണത്തിൻ്റെ കഥ.
ഉത്തർപ്രദേശിലെ ഗൊരഖ്പൂർ, ദീൻ ദയാൽ ഉപാധ്യായ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് 23 വയസ്സുകാരിയായ പി.ജി വിദ്യാർത്ഥിനി ഷിക ദുബെയും അവളുടെ സഹപാഠിയായ 24 വയസ്സുകാരൻ ദീപു യാദവും. ഒരേ ക്ലാസ് മുറിയിലെ സൗഹൃദം പതിയെ ഗാഢമായ പ്രണയമായി മാറി. ഒരുമിച്ച് സിനിമകൾ കണ്ടും പാർക്കുകളിൽ സമയം ചെലവഴിച്ചും അവർ തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുകൂട്ടി.
എന്നാൽ, അവരുടെ പ്രണയത്തിന് മുന്നിൽ ജാതി ഒരു വലിയ മതിൽക്കെട്ടായി നിലകൊണ്ടു. വ്യത്യസ്ത ജാതിയിൽപ്പെട്ടവർ ആയതിനാൽ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. നോർത്ത് ഇന്ത്യയിലെ ദുരഭിമാനത്തിൻ്റെ കടുപ്പം അറിയാവുന്ന അവർ, 2011 ഏപ്രിൽ 18-ന് ഗൊരഖ്പൂരിലെ ഒരു ക്ഷേത്രത്തിൽ വെച്ച് ദൈവത്തെ മാത്രം സാക്ഷിയാക്കി രഹസ്യമായി വിവാഹിതരായി.
ആ രഹസ്യം അധികനാൾ നിലനിന്നില്ല. മകളുടെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങൾ ഷികയുടെ മാതാപിതാക്കൾ ശ്രദ്ധിച്ചു. മകൾക്ക് ആരോടോ അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ അവർ, അവളെ കോളേജിൽ വിടുന്നത് നിർത്തി. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ദീപുവും ഷികയും തങ്ങളുടെ പ്രണയം ഉപേക്ഷിക്കാൻ തയ്യാറായില്ല.
എന്നാൽ, വീട്ടുകാരുടെ എതിർപ്പുകൾക്കിടയിൽ തങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ, അവർ ക്രൂരമായ ഒരു പദ്ധതി തയ്യാറാക്കി: ഷിക ‘മരിച്ചു’ എന്ന് ലോകത്തെ വിശ്വസിപ്പിക്കുക. എങ്കിൽ മാത്രമേ ആരും അന്വേഷിക്കാതെ അവർക്ക് സ്വസ്ഥമായി ഒളിച്ചോടി ജീവിക്കാൻ കഴിയൂ. ഈ ഭീകരമായ പദ്ധതിക്ക് ദീപുവിൻ്റെ സുഹൃത്തുക്കളായ സുഗ്രീവും ബൽറാമും കൂട്ടുനിന്നു.
2011 ജൂൺ 16-ന് ഷിക ദുബെ കോളേജിലേക്ക് പോയ ദിവസമാണ് സംഭവം. സമയം വൈകിയിട്ടും മകൾ തിരിച്ചെത്താത്തതിനെ തുടർന്ന് അച്ഛൻ രാം പ്രകാശ് ദുബെ പരിഭ്രാന്തനായി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മകളുടെ തിരോധാനത്തിന് പിന്നിൽ ദീപു യാദവാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, അടുത്ത ദിവസം ജൂൺ 17-ന് രാവിലെ ഗൊരഖ്പൂരിനെ നടുക്കിയ ഒരു വാർത്ത പുറത്തുവന്നു: സരയൂ കനാലിൻ്റെ പരിസരത്ത് ഒരു പെൺകുട്ടിയുടെ മഠ്രതദേഹം കണ്ടെത്തിയിരിക്കുന്നു.
കണ്ടുനിൽക്കുന്നവരുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു അത്. ഭാരമേറിയ ആയുധം കൊണ്ട് അടിച്ചു തകർക്കപ്പെട്ട മുഖം, തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കപ്പെട്ടിരുന്നു. ശരീരം മുഴുവൻ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ച പാടുകൾ. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.
ഷികയുടെ അച്ഛനും ബന്ധുക്കളും മൃതദേഹത്തിലെ വസ്ത്രങ്ങൾ കണ്ട് അത് ഷിക തന്നെയാണെന്ന് ഉറപ്പിച്ചു. തൻ്റെ മകൾ ക്രൂരമായി കൊല്ലപ്പെട്ടെന്ന സത്യം ആ അച്ഛനെ തകർത്തു കളഞ്ഞു. പോലീസ് ദീപു യാദവിനായി തിരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും അവനെയും കാണാതായതോടെ, ദീപു ഷികയെ കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടിയതാണോ എന്ന സംശയം ബലപ്പെട്ടു.
അന്വേഷണം പുരോഗമിക്കവേ, ദീപുവിൻ്റെ ഉറ്റ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായകമായ ഒരു വിവരം ലഭിച്ചു: വാരണാസിയിൽ ദീപു യാദവിന് ഒരു രഹസ്യ താവളമുണ്ട്. ഗൊരഖ്പൂരിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള വാരണാസിയിലെ ഒറ്റപ്പെട്ട ഒരു വീട് പോലീസ് വളഞ്ഞു.
കൊലപാതകിയെ പിടികൂടാൻ തോക്കുമായി തയ്യാറായി നിന്ന ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് വാതിൽ തുറന്നത് മറ്റാരുമായിരുന്നില്ല. മരിച്ചു എന്ന് വിധി എഴുതിയ, സരയൂ കനാലിൽ മൃതദേഹമായി കണ്ടെത്തിയ സാക്ഷാൽ ഷിക ദുബെ! തൊട്ടുപിന്നിൽ ദീപു യാദവും. ഷിക ജീവനോടെയുണ്ടെങ്കിൽ, മുഖം വികൃതമാക്കി കൊലപ്പെടുത്തിയ ആ മൃതദേഹം ആരുടേതാണ് എന്ന ചോദ്യം പോലീസുകാരെ കുഴക്കി.
പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന സത്യമായിരുന്നു. ഷികയുടെ ‘മരണം’ ലോകത്തെ വിശ്വസിപ്പിക്കാൻ ദീപുവും സുഹൃത്തുക്കളും നടത്തിയ ആസൂത്രണത്തിൻ്റെ ഫലമായിരുന്നു ആ മൃതദേഹം. ഷികയുടേതിന് സമാനമായ രൂപസാദൃശ്യമുള്ള മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി, അവളെ കൊന്ന്, ഷികയുടെ വസ്ത്രങ്ങൾ ധരിപ്പിക്കുക എന്നതായിരുന്നു അവരുടെ പൈശാചികമായ ലക്ഷ്യം.
അങ്ങനെ, സോൻഭദ്ര സ്വദേശിയായ പൂജ കുമാരി എന്ന നിർധനയായ യുവതിയെ അവർ കണ്ടെത്തി. പൂജ വിവാഹിതയും, മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. സാമ്പത്തികമായി കഷ്ടപ്പെടുന്ന പൂജയെ, സുഗ്രീവ് ഒരു ജോലി വാഗ്ദാനം ചെയ്ത് സമീപിച്ചു.
മാസം 5000 രൂപ ശമ്പളവും, അഡ്വാൻസ് ആയി 3000 രൂപയും നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തൻ്റെ കുഞ്ഞിന് വേണ്ടിയുള്ള ജീവിതപ്രയാസങ്ങൾ താങ്ങാൻ വേണ്ടിയാകാം, ആ വാഗ്ദാനത്തിൽ പൂജ വീണുപോയി.
ജൂൺ 16-ന്, ദീപുവും കൂട്ടുകാരും പൂജ കുമാരിയെ ഗൊരഖ്പൂരിലേക്ക് വിളിച്ചുവരുത്തി. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അവർ പൂജയെ ക്രൂരമായി കൊലപ്പെടുത്തി. തിരിച്ചറിയാതിരിക്കാൻ ഇരുമ്പ് വടി കൊണ്ട് മുഖം അടിച്ചു തകർത്തു. തുടർന്ന്, ഷികയുടെ വസ്ത്രങ്ങളും ചെരിപ്പും അണിയിച്ച്, ശരീരം സിഗരറ്റ് കൊണ്ട് പൊള്ളിച്ച് മൃതദേഹം കനാലിൽ ഉപേക്ഷിച്ചു. സ്വന്തം പ്രണയം വിജയിപ്പിക്കാൻ വേണ്ടി, നിരപരാധിയായ ഒരു കുഞ്ഞിൻ്റെ അമ്മയെ അവർ ബലികൊടുത്തു.
സത്യം പുറത്തായതോടെ ദീപു യാദവ്, ഷിക ദുബെ, സുഗ്രീവ്, ബൽറാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കാലം കടന്നുപോയപ്പോൾ കഥയിലെ നായകനും നായികയും ജാമ്യത്തിൽ ഇറങ്ങി. വിചാരണകൾ നീണ്ടുപോയി. ഇതിനിടയിൽ, പ്രണയത്തിന് വേണ്ടി ഇത്രയും വലിയ ക്രൂരത ചെയ്ത ദീപുവും ഷികയും വിവാഹമോചിതരാവുകയും വേറെ വിവാഹം കഴിക്കുകയും ചെയ്തു.
ഒരു സിനിമാക്കഥ പോലെ തോന്നിക്കുന്ന ഈ യഥാർത്ഥ ജീവിതത്തിൽ, ബാക്കിയായത് പൂജ കുമാരി എന്ന നിരപരാധിയായ യുവതിയുടെ ജീവൻ മാത്രമാണ്. 2011-ൽ ഇന്ത്യയെ നടുക്കിയ, പ്രണയത്തിന് വേണ്ടി നടത്തിയ ഈ ക്രൂരകൃത്യം ഇന്നും നിയമത്തിൻ്റെ നൂലാമാലകളിൽ കുടുങ്ങിക്കിടക്കുന്നു. അമ്മയെ നഷ്ടപ്പെട്ട ആ മൂന്ന് വയസ്സുകാരൻ്റെ കണ്ണീരിന് മാത്രം ഇപ്പോഴും നീതി ലഭിച്ചിട്ടില്ല.
















