മുൻ കടുത്തുരുത്തി എംഎൽഎ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1991 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം സജീവ രാഷ്ട്രീയത്തിലെ സുപരിചിത മുഖമായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമായിരുന്നു ഏറ്റവും ഒടുവിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നത്. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ സംഘടനാ രംഗത്ത് സജീവമായിരുന്നില്ല.
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന പി.എം. മാത്യുവിന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
















