യുപിയിൽ ട്രാഫിക് എഎസ്‌ഐയുടെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എഎസ്‌ഐ രാകേഷ് മീണയാണ് മരിച്ചത്. ഭാര്യയും മക്കളും കോട്പുത്‌ലിയിലെ തറവാട്ടു വീട്ടിലേക്ക് പോയതിനാൽ ഉദയ്പൂരിലെ സവിനയിലുള്ള വീട്ടിൽ അദ്ദേഹം തനിച്ചായിരുന്നു. മീണയുടെ ഭാര്യ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി അദ്ദേഹത്തെ പലതവണ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ പ്രതികരണം ലഭിക്കാതെ വന്നപ്പോൾ, അയൽക്കാരനോട് വിവരം തിരക്കാൻ ആവശ്യപ്പെട്ടു. അയൽവാസി വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന്, പുകയുടെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്തുകടന്ന പൊലീസ് സംഘം, പൂർണ്ണമായും കത്തിനശിച്ച കട്ടിലിൽ മീണയുടെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
















