തിരുവനന്തപുരം: കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഏഴിന് നടക്കും. ധനകാര്യം ഉൾപ്പെടെ എട്ട് സ്ഥിരംസമിതികളാണ് കോർപ്പറേഷനിലുള്ളത്. ഓരോ കൗൺസിലർമാരും ഏതെങ്കിലും ഒരു സ്ഥിരംസമിതി അംഗമായിരിക്കണം എന്നാണ് വ്യവസ്ഥ. മുഴുവൻ സമിതികളിലും ബിജെപി അധ്യക്ഷസ്ഥാനത്ത് എത്തിയേക്കും.
ഇതനുസരിച്ച് ഒരു സ്ഥിരംസമിതിയിൽ 12, 13 അംഗങ്ങൾ വരും. 29 അംഗങ്ങളുള്ള എൽഡിഎഫിനും 19 അംഗങ്ങളുള്ള യുഡിഎഫിനും സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തിന് അവകാശമുണ്ടെങ്കിലും കോർപ്പറേഷനിലെ 8 സ്ഥിരംസമിതികളിലും ബിജെപി പ്രതിനിധികൾ അധ്യക്ഷസ്ഥാനത്തെത്തുമെന്നാണ് സൂചന.
ധനകാര്യ സ്ഥിരംസമിതിയുടെ അധ്യക്ഷസ്ഥാനം ഡെപ്യൂട്ടി മേയർക്ക് സംവരണം ചെയ്തിട്ടുള്ളതിനാൽ ഈ സ്ഥിരംസമിതിയിൽ അധ്യക്ഷസ്ഥാനത്തേക്ക് വോട്ടെടുപ്പില്ല. മറ്റു സമിതികളിൽ ബിജെപി അംഗങ്ങളുടെ എണ്ണം കൂട്ടിയും എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളുടെ എണ്ണം കുറച്ചും വിന്യസിച്ചാൽ വോട്ടെടുപ്പിൽ അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്ന ബിജെപി പ്രതിനിധിക്ക് ഭൂരിപക്ഷം ലഭിക്കും.
ധനകാര്യം, ക്ഷേമകാര്യം, മരാമത്ത്, നികുതി അപ്പീൽ സ്ഥിരംസമിതികൾ ഇക്കുറി വനിതാസംവരണമാണ്. വികസനകാര്യം, ആരോഗ്യകാര്യം, നഗരാസൂത്രണം, വിദ്യാഭ്യാസ-കായികകാര്യ സ്ഥിരംസമിതികളാണ് ജനറൽ വിഭാഗത്തിനുള്ളത്. മുതിർന്ന അംഗങ്ങളായ സിമി ജ്യോതിഷ് (അമ്പലത്തറ), ആർ.സി. ബീന (നെടുങ്കാട്), ജി.എസ്. മഞ്ജു (കാലടി), ആർ. മിനി (ശ്രീവരാഹം), ജയ രാജീവ് (കടകംപള്ളി) എന്നിവരെയാണ് വനിതാസംവരണ സ്ഥിരംസമിതികളിലേക്ക് ബിജെപി പരിഗണിക്കുന്നതെന്നാണ് വിവരം. എം.ആർ. ഗോപൻ (നേമം), വി.ജി. ഗിരികുമാർ (വലിയവിള), കരമന അജിത് (കരമന), പാപ്പനംകോട് സജി (മേലാങ്കോട്), വി. ഗിരി (കമലേശ്വരം) എന്നിവർക്കാണ് മറ്റു സ്ഥിരംസമിതികളിലേക്ക് മുൻഗണന.
ഏതെങ്കിലും ഒരു സ്ഥിരംസമിതിയിൽ ബിജെപിക്കു പിന്തുണ നൽകിയ സ്വതന്ത്രനെയും പരിഗണിക്കാം. കഴിഞ്ഞ കൗൺസിലിൽ 35 അംഗങ്ങൾ ബിജെപിക്കുണ്ടായിരുന്നിട്ടും, എൽഡിഎഫ് ഭരണസമിതിക്ക് ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ ഒരു സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും ബിജെപിക്കു നൽകിയിരുന്നില്ല.
















